ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്നു ദിവസം കൊണ്ടു തീർന്നാലും അത്ഭുതപ്പെടാനില്ല. സ്പിൻ അനുകൂലമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ലോർഡ്സ് പിച്ചിൽ പേസർമാർ അരങ്ങുവാണപ്പോൾ ആദ്യ ദിനം നിലംപൊത്തിയത് 14 വിക്കറ്റുകളാണ്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 212 റൺസിൽ അവസാനിച്ചു. എന്നാൽ ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകർച്ചയോടെയായിരുന്നു 43 റൺസെടുക്കുന്നതിനിടെ നാലുപേരാണ് കൂടാരം കയറിയത്. ആറു വിക്കറ്റ് കൈയിലിരിക്കെ 169 റൺസ് പിന്നിലാണ് ദക്ഷിണാഫ്രിക്ക.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ ബാറ്റിംഗിന് വിടുകയായിരുന്നു. ബാവുമയുടെ തീരുമാനം ശരിവയ്‌ക്കുന്നതായിരുന്നു പ്രോട്ടീസ് ബോളർമാരുടെ പ്രകടനവും. കരുത്തരായ കങ്കാരുക്കളെ 212 റൺസിൽ ഒതുക്കാൻ അവർക്കായി.
തകർച്ചയോടെ തുടങ്ങി പിന്നീടൊന്ന് കരകയറി, വീണ്ടും തകരുന്നതായിരുന്നു ഓസ്ട്രേലിയൻ ഇന്നിംഗ്സ്.
67 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയയെ അർദ്ധ സെഞ്ച്വറി (66) നേടിയ സ്റ്റീവൻ സ്മിത്തും ബ്യു വെബ്സ്റ്ററും (72) ചേർന്നാണ് കരകയറ്റിയത്. 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എന്ന ഭേദപ്പെട്ട നിലയിൽ നിന്നാണ് അവർ 212ന് ഓൾഔട്ടായത്. അവസാന അഞ്ചു വിക്കറ്റുകൾ വീണത് 34 പന്തുകൾക്കിടെ. അഞ്ചു വിക്കറ്റ് പിഴുത റബാദയാണ് ഓസീസിനെ ചുരുട്ടിക്കൂട്ടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം, സ്റ്റാർക്കിന്റെ ഷോക്ക് ട്രീറ്റ്മെൻ്റോടെെയായിരുന്നു. ഇന്നിംഗ്സിന്റെ അഞ്ചാം പന്തിൽ മാർക്രത്തിന്റെ കുറ്റി തെറിപ്പിച്ചാണ് അവർ തുടങ്ങിയത്. പിന്നാലെ റയാൻ റിക്കൽട്ടണും(16) സ്റ്റബ്സും (2) വിയാൻ മുൾഡറും(6) സമയം പഴാക്കാതെ കൂടാരം കയറി. 37 പന്ത് പ്രതിരോധിച്ച ബാവുമയാണ് കൂടുതൽ പരിക്കുകളില്ലാതെ പ്രോട്ടീസിനെ ഇന്നലെ രക്ഷിച്ചത്. ക്യാപ്റ്റൻ കമിൻസ് നയിക്കുന്ന പേസ് നിരയ്‌ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ദക്ഷിണാഫ്രിക്ക ഇന്ന് ഏറെ വിയർപ്പൊഴുക്കേണ്ടിവരും.















