വയനാട്: മേപ്പടിയിൽ ജീപ്പിടിച്ച് വയോധിക മരിച്ച സംഭവം അപകടമല്ലെന്ന് കണ്ടെത്തി പൊലീസ്. സംഭവം കൊലപാതകമാണെന്നും പ്രതികളായ നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ജീപ്പിലെ യാത്രക്കാരായ 17കാരനുൾപ്പെടെയുള്ളവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി.
കഴിഞ്ഞ ജൂൺ എട്ടിനായിരുന്നു സംഭവം 71 കാരിയായ ബീയുമ്മയും ചെറുമകൻ അഫ്‌ലഖും സ്‌കോർട്ടറിൽ സഞ്ചരിക്കുമ്പോൾ ജീപ്പ് ഇടിക്കുകയായിരുന്നു. എന്നാൽ ജീപ്പ് യാത്രക്കാരും ഇരുവരും തമ്മിലുള്ള വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
സംഭവത്തിൽ അഖിൽ , പ്രശാന്ത്, നിധി, നിധിൻ എന്നീ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ആദ്യം മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.















