ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മൂന്നാം ദിനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ മത്സരം സസ്പെൻസ് ത്രില്ലറിലേക്ക്. ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 138 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ 74 റൺസിന്റെ ലീഡുമായാണ് ബാറ്റിംഗിന് ഇറങ്ങിയത്. എന്നാൽ പ്രോട്ടീസ് ബൗളർമാർ ആഞ്ഞടിച്ചതോടെ 40 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ് കങ്കാരുകൾ. രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോൾ രണ്ടു വിക്കറ്റ് കൈയിലുള്ള ഓസീസിന് 218 റൺസിന്റെ ലീഡുണ്ട്. രണ്ടുദിവസം ശേഷിക്കെ മത്സരം ഏത് ദിശയിലേക്കും തിരിയാമെന്ന അവസ്ഥയിലാണ്.
ലോർഡ്സിൽ വീശിയടിച്ച പേസ് കാറ്റിൽ രണ്ടുദിവസത്തിനിടെ നിലംപൊത്തിയത് 27 വിക്കറ്റുകളാണ്. ക്യാപ്റ്റൻ കമിൻസിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിംഗ്സിൽ 138 റൺസിൽ ഒതുക്കിയത്. ഇതോടെ രാജ്യത്തിനായി 300 വിക്കറ്റുകൾ തികയ്‌ക്കുന്ന എട്ടാം ഓസ്ട്രേലിയക്കാരനുമായി കമിൻസ്.
എതിരാളികളെ ചെറിയ ടോട്ടലിൽ പുറത്താക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ റബാദയും എൻഗിഡിയും ചേർന്ന് അത് ഇല്ലാതാക്കുന്നതാണ് തുടർന്ന് കണ്ടത്. ഇരുവരും മൂന്നു വീതം വിക്കറ്റ് വീഴ്‌ത്തി. 50 പന്തിൽ 43 റൺസെടുത്ത അലക്സ് ക്യാരിയാണ് ഓസ്ട്രേലിയയെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്.
ഇന്ന് ആദ്യ സെഷനിൽ പരമാവധി റൺസ് നേടി ഭേദപ്പെട്ടൊരു ടോട്ടലിനാകും ക്രീസിലുള്ള സ്റ്റാർക്കിന്റെയും ലയണിന്റെയും ലക്ഷ്യം. അതേസമയം ശേഷിക്കുന്ന വിക്കറ്റുകൾ പെട്ടെന്ന് വീഴ്‌ത്തി ബാറ്റിംഗ് ആരംഭിക്കാനാകും ദക്ഷിണാഫ്രിക്കയുടെ ശ്രമം. ഓസ്ട്രേലിയൻ പേസ് ആക്രമണത്തെയും കമിൻസിന്റെ തന്ത്രങ്ങളെയും മറികടന്ന് ദക്ഷിണാഫ്രിക്കയ്‌ക്ക് കിരീടം ഉയർത്തണമെങ്കിൽ അത്ഭുത പ്രകടനങ്ങൾ തന്നെ കാഴ്ചവയ്‌ക്കേണ്ടി വരും.















