തിരുവനന്തപുരം: സർക്കാർ സർവീസിൽ പ്രവേശിക്കാൻ ഡോക്ടർമാരുൾപ്പടെയുള്ളവരുടെ പ്രായപരിധി നാല്പത് വയസ്സായി തുടരവേ കോളേജ്- യൂണിവേഴ്സിറ്റി അദ്ധ്യാപകരുടെ നിയമന പ്രായപരിധി അൻപതായി ഉയർത്തിയത് സിപിഎം നേതാക്കന്മാരുടെ ഭാര്യമാരെ ഉന്നം വച്ചാണെന്ന ആരോപണം ശരി വയ്‌ക്കുന്നതിന്റെ തെളിവുകൾ പുറത്തുവിട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ.
സ്പീക്കർ എ. എം.ഷംസീറിന്റെ ഭാര്യയ്‌ക്ക് അസിസ്റ്റന്റ് പ്രൊഫസറായി തുടരുന്നതിന് ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിവാദത്തിൽ കുടുങ്ങിയ കണ്ണൂർ സർവ്വകലാശാല തന്നെയാണ് ഇപ്പോൾ ഒരു ലക്ഷം രൂപ പിഴയടച്ചാൽ നിശ്ചിത ഗവേഷണ കാലാവധി കഴിഞ്ഞ ആർക്കും പി.എച്ച്.ഡി നൽകാമെന്ന പുതിയ ഒരു വിവാദത്തിനു കൂടി തുടക്കം കുറിച്ചിരിക്കുന്നത്. ഈ ആനുകൂല്യം താത്കാലികമാണെന്ന് മാത്രം.
2008 ൽ, പി.എച്ച്.ഡി ബിരുദം നേടുന്നതിന് കണ്ണൂർ സർവ്വകലാശാലയിൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്ത സിപിഎം നേതാവ് എം. സ്വരാജിന്റെ ഭാര്യ സരിത മേനോൻ, നിശ്ചിത പിഴ അടച്ച് തിരക്കിട്ട് തയ്യാറാക്കിയ പ്രബന്ധം മൂല്യനിർണ്ണയം നടത്തിച്ച് അഞ്ച് മാസത്തിനുള്ളിൽ പി എച്ച് ഡി ബിരുദവും നേടി.
കോളേജ് അദ്ധ്യാപകനിയമനത്തിന് നെറ്റ് യോഗ്യതയോ പി എച്ച് ഡി ബിരുദമോ ആണ് മിനിമം യോഗ്യത. സ്വരാജിന്റെ ഭാര്യ സരിത മേനോൻ നെറ്റ് യോഗ്യത നേടിയിട്ടില്ല.2001 ൽ കേരള സർവ്വകലാശാല യിൽ നിന്ന് നേടിയ MBA ബിരുദം മാത്രമാണുള്ളത്.അതുകൊണ്ട് അദ്ധ്യാപക നിയമനത്തിന് PhD അനിവാര്യമാണ്.
ബിഎ, ബിടെക്, എൽ.എൽ.ബി പരീക്ഷകൾ വർഷങ്ങളായി പാസാകാത്തവർക്ക് വേണ്ടി സർവകലാശാലകൾ മെഴ്സി ചാൻസ് പരീക്ഷകൾ നടത്തുന്ന പതിവുണ്ട്. എന്നാൽ ഒരു ലക്ഷം രൂപ പിഴ ഈടാക്കി സർവ്വകലാശാലയുടെ ഏറ്റവും ഉന്നതമായ ഗവേഷണ ബിരുദം നേടുന്നതിന് ഒരു സർവ്വകലാശാല മെഴ്സി ചാൻസ് അനുവദിക്കുന്നത് ഇതാദ്യമായാണ്.
വിദേശങ്ങളിൽ ജോലിചെയ്യുന്ന ഉന്നത ബിരുദധാരികളായ പരിചയസമ്പന്നരായ അദ്ധ്യാപകർക്കും ശാസ്ത്രജ്ഞർക്കും സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ നിയമനത്തിന് അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് അദ്ധ്യാപകരുടെ നിയമന പ്രായപരിധി 50 വയസായി ഉയർത്തുന്നതെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.
പ്രായപരിധി ഉയർത്തണമെന്ന നിർദ്ദേശം കണ്ണൂർ സർവ്വകലാശാല മുൻ വിസി ഡോ: ഗോപിനാഥ് രവീന്ദ്രനാണ് സർക്കാരിന് നൽകിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയുടെ കൂടി അടിസ്ഥാനത്തിൽ നിർദ്ദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു.
പ്രായപരിധി വർദ്ധിപ്പിച്ചുകൊണ്ട് 2023 ഏപ്രിലിൽ സർക്കാർ ഉത്തരവ് വന്നതിന് തൊട്ട് പിന്നാലെ, ഗവേഷണം നിർത്തിവച്ചവർക്ക് ഒരു ലക്ഷംരൂപ ഫൈൻ അടച്ച് പ്രബന്ധം സമർപ്പിക്കാൻ മേഴ്സി ചാൻസ് അനുവദിക്കുമെന്ന ഒരു പുതിയ വ്യവസ്ഥ ജൂലൈ മാസം ചേർന്ന കണ്ണൂർ സിൻഡിക്കേറ്റ് നടപ്പാക്കുകയായിരുന്നു.
പ്രസ്തുത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2008 ൽ കണ്ണൂർ സർവ്വകലാശാലയിൽ പി എച്ച്.ഡി ക്ക് രജിസ്റ്റർ ചെയ്ത് ഗവേഷണം പാതിവഴിയിൽ ഉപേക്ഷിച്ച സ്വരാജിന്റെ ഭാര്യയ്‌ക്ക് മേഴ്‌സി ചാൻസിന്റെ ആനുകൂല്യം നൽകി തീസിസ് സ്വീകരിച്ചാണ്
പി എച്ച് ഡി ബിരുദം അവാർഡ് ചെയ്തത്.
പ്രബന്ധം സമർപ്പിച്ച് രണ്ടുവർഷകാലം പിന്നിട്ടാലും മൂല്യനിർണയം പൂർത്തിയാക്കാത്ത യൂണിവേഴ്സിറ്റി, സരിത മേനോൻ 2024 ജൂണിൽ സമർപ്പിച്ച പ്രബന്ധത്തിന്റെ മൂല്യ നിർണയം അഞ്ചു മാസത്തിനുള്ളിൽ പൂർത്തിയാക്കുകയായിരുന്നു.
2008 ൽ കണ്ണൂർ എസ്. എൻ. കോളേജ് ഗവേഷണ കേന്ദ്രമാക്കിയാണ് സരിത ഗവേഷണത്തിന് രജിസ്റ്റർ ചെയ്തത്. സരിതയുടെ ഗൈഡ് ഡോ: മുകുന്ദദാസ് വർഷങ്ങൾക്കു മുമ്പ് തന്നെ കോളേജിൽ നിന്നും വിരമിച്ചിരുന്നു. കണ്ണൂർ സർവ്വകലാശാല മാനേജ്മെൻറ് സ്റ്റഡീസ് വകുപ്പ് പ്രൊഫസറെ പുതുതായി ഗൈഡ് ആയി നിയമിച്ചാണ് തിരക്കിട്ട് തീസിസ് സമർപ്പിച്ചത്.
സരിത നായർക്ക് ഇപ്പോൾ 48 വയസ്സ് പ്രായമുണ്ട്. കാലിക്കറ്റ് സർവകലാശാലയുടെ പരിധിയിൽ താമസിക്കുന്ന സരിത കണ്ണൂർ സർവ്വകലാശാലയിലായിരുന്നു പിഎച്ച്ഡി ക്ക് രജിസ്റ്റർ ചെയ്തത്. നിയമ വിരുദ്ധമായി സ്വരാജിന്റെ ഭാര്യ സരിത മേനോന് സർവ്വകലാശാല നൽകിയ പിഎച്ച്ഡി ബിരുദം റദ്ദാക്കണമെന്നും, കണ്ണൂർ സർവ്വകലാശാല കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നൽകിയ പിഎച്ച്ഡി ബിരുദങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണക്ക് നിവേദനം നൽകി.