മൂന്നു നാൾക്ക് ശേഷം നിലമ്പൂർ നിലപാട് വ്യക്തമാക്കും. ഉപതിരഞ്ഞെടുപ്പിൽ 73.26 ശതമാനമാണ് പോളിങ്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ 71.28 ശതമാനം പോളിങ്ങിനെ മറികടക്കുന്ന വോട്ടിംഗാണ് ഇന്ന് നിലമ്പൂരിൽ കണ്ടത്. കനത്ത മഴയിലും വോട്ടർമാർ ആവേശത്തോടെ ബൂത്തുകളിലേക്ക് എത്തി. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടു ചെയ്യാനെത്തിയവരുടെ വലിയ നിരയുണ്ടായിരുന്നു.
2.40 ലക്ഷത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ വിധി തേടിയത് പത്തുപേരാണ്. എം.സ്വരാജ്, ആര്യാടൻ ഷൗക്കത്ത്, മോഹൻ ജോർജ്, പിവി അൻവർ എന്നിവരാണ് പ്രമുഖർ. ചെറിയ തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായതൊഴിച്ചാൽ വോട്ടെടുപ്പ് ഏറെക്കുറെ സമാധാനപരമായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്.















