ലണ്ടൻ: ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത് ഐപിഎൽ കിരീടത്തേക്കാൾ വലിയ നേട്ടമാണെന്ന് ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. വിരാട് കോലി, രോഹിത് ശർമ്മ, ആർ അശ്വിൻ എന്നീ പരിചയസമ്പന്നരായ വമ്പൻ താരങ്ങളുടെ അഭാവം ഇന്ത്യൻ ടീമിന് സമ്മർദത്തിന്റെ അധിക ഭാരം’ നൽകില്ലെന്ന് 25 കാരനായ യുവനായകൻ പറഞ്ഞു.
ലീഡ്സിൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന് മുന്നോടിയായാണ് ഗില്ലിന്റെ ആത്മവിശ്വാസം നിറഞ്ഞ പരാമർശം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കിരീടമാണോ ഗുജറാത്ത് ടൈറ്റൻസിന്റെ ഐപിൽ കിരീടമാണോ ക്യാപ്റ്റനെന്നനിലയിൽ കൂടുതൽ വിലമതിക്കുന്നതെന്ന ചോദ്യത്തിന് ഗില്ലിന്റെ മറുപടി ഇങ്ങനെയായിരുന്നു; “തീർച്ചയായും ടെസ്റ്റ് പരമ്പര.”
“ഐപിഎൽ എല്ലാ വർഷവും വരുന്നു, നിങ്ങൾക്ക് എല്ലാ വർഷവും അതിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ കഴിയും. എന്റെ അഭിപ്രായത്തിൽ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത് വലുതാണ്,” അദ്ദേഹം പറഞ്ഞു.















