പമ്പ ഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശ പൂജകൾ നടന്നു. രാവിലെ 10.15 നും 11 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് അഷ്ടബന്ധ കലശം നടന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തിമാരായ മാധവൻ പോറ്റി, പ്രദീപ് നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.18 വർഷങ്ങൾക്ക് ശേഷമാണ് പമ്പാ ഗണപതി ക്ഷേത്രത്തിൽ അഷ്ട ബന്ധ കലശം നടക്കുന്നത്. ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കലശത്തിങ്കൽ ഉഷപൂജ നടന്നു.
10 മണിക്ക് മരപ്പാണി തുടർന്ന് അഷ്ടബന്ധ ലേപനം, ബ്രഹ്മ കലശാഭിഷേകം, പരി കലശാഭിഷേകം, പ്രസന്ന പൂജ, ദീപാരാധന തുടങ്ങിയ ചടങ്ങുകൾ നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാർ എന്നിവരും നൂറ് കണക്കിന് ഭക്തരും ചടങ്ങുകൾക്ക് സാക്ഷിയാകാൻ എത്തിയിരുന്നു.















