കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ന്യൂനപക്ഷ നേതാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹൂഗ്ലി ജില്ലയിലെ ഗോഘട്ടിൽ ബിജെപിയുടെ ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ഷെയ്ഖ് ബകീബുള്ളയെയാണ് വീടിന്റെ ബാൽക്കണിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആസൂത്രിതമായ രാഷ്‌ട്രീയ കൊലപാതകമാണെന്ന് കുടുംബവും ബിജെപിയും ആരോപിച്ചു.
ഗോഘാട്ടിലെ സൻബന്ദി പ്രദേശത്താണ് സംഭവം. രാവിലെ 7 മണിയോടെ, ബകീബുള്ളയുടെ മൃതദേഹം വീടിന്റെ ബാൽക്കണിയിൽ തൂങ്ങിമരിച്ച നിലയിൽ കുടുംബാംഗങ്ങൾ കണ്ടെത്തിയത്. ഇരുകൈകളും കയറുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു.
സംഭവം ആത്മഹ്യത്യല്ലെന്നും ആസൂത്രിത രാഷ്‌ട്രീയ കൊലപാതകമാണെന്നും പാർട്ടി ആരോപിച്ചു. ബകീബുള്ളയെ കൊലപ്പെടുത്തി പിന്നീട് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കെട്ടിത്തൂക്കിയതാണെന്ന് അവർ ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷവശ ഉടലെടുത്തു.
മുതിർന്ന ബിജെപി നേതാക്കൾ സ്ഥലത്തെത്തിയതിനു ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്. തുടർന്ന് പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ അവരുടെ രാഷ്‌ട്രീയ എതിരാളികളെ തിരഞ്ഞുപിടിച്ച് നിശ്ശബ്ദരാക്കുകയാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബകീബുള്ളയുടെ കുടുംബവും പാർട്ടിയും ആവശ്യപ്പെട്ടു.
“ബംഗാളിലെ ജനാധിപത്യത്തിന്റെ ലജ്ജാകരമായ അവസ്ഥ! മമത ബാനർജിയുടെ ബംഗാളിലെ നിയമരാഹിത്യത്തെ വിളിച്ചുപറയാൻ ഇനിയും എത്ര പേരുടെ ജീവൻ എടുക്കും. ബംഗാളിൽ ടിഎംസിയുടെ കീഴിൽ ഒരു ജനാധിപത്യവും തുടരുന്നില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല – ഇതൊരു തുടർക്കഥയാണ്… രാഷ്‌ട്രീയ എതിരാളികളെ ലക്ഷ്യം വയ്‌ക്കുകയും നിശബ്ദരാക്കുകയും കൊല്ലുകയും ചെയ്യുന്നു,” ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.















