മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് തമിഴ് സിനിമ ലോകം. മോളിവുഡിന് പിന്നാലെ കോളിവുഡിലും ലഹരി വ്യാപകമാകുന്നതിന്റെ സൂചനകളാണ് നടന്റെ അറസ്റ്റോടെ പുറത്തുവരുന്നത്.
എഐഎഡിഎംകെയുടെ ഐടി വിഭാഗത്തിൽ മുൻപ് പ്രവർത്തിച്ചിരുന്ന മയിലാപ്പൂർ സ്വദേശി പ്രസാദിന്റെ അറസ്റ്റിൽ നിന്നാണ് ശ്രീകാന്തിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. ചെന്നൈയിലെ പബ്ബിലെ അടിപിടിയെ തുടർന്നാണ് പ്രസാദിനെ പെലീസ് കസ്റ്റഡിയിലെടുക്കുന്നത്. അന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ബോധ്യപ്പെട്ടു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ നടന് കൊക്കെയ്ൻ കൈമാറിയ വിവരം ഇയാൾ പൊലീസിനെ അറിയിച്ചു. ഒരു ഗ്രാമിന് 12,000 രൂപ നിരക്കിലാണ് ഇയാൾ ലഹരിമരുന്ന് ശ്രീകാന്തിന് നൽകിയത്. ഇത്തരത്തിൽ 40 തവണ നടൻ പ്രതിയിൽ നിന്ന് ലഹരി വാങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതിനായി 7.72 ലക്ഷം രൂപ ഗൂഗിൾ പേ വഴി ശ്രീകാന്ത് നൽകിയെന്നും ഇയാൾ സമ്മതിച്ചു.
മെഡിക്കൽ പരിശോധനയിൽ നടൻ ലഹരി ഉപയോഗിച്ചത് പൊലീസ് സ്ഥിരീകരിച്ചിരുന്നു. എഡിപിഎസ് നിയമം ചുമത്തിയാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾ സ്വകാര്യ പാർട്ടികളിലും ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ശ്രീകാന്തിന് പുറമേ മറ്റു ചില നടന്മാരും അന്വേഷണ സംഘത്തിന്റെ റഡാറിലാണ്. തമിഴ്-തെലുങ്ക്-മലയാളം സിനിമകളിലെ സജീവ താരമാണ് ശ്രീകാന്ത്.