ഖത്തറിലെ ദോഹയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി വിവരം. ഖത്തറിലെ യുഎസിന്റെ അൽ ഉദെയ്ദ് സൈനിക താവളത്തിന് നേരെ ആറു മിസൈലുകൾ വർഷിച്ചതായി ഇറാൻ സായുധ സേന വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ അറിയിച്ചു. ഇറാന് നേരെയുള്ള ഏതൊരു ആക്രമണത്തിനും ഏത് സാഹചര്യത്തിലും മറുപടി നൽകാതെ പോകില്ലെന്നാണ് അവരുടെ പ്രസ്താവന. ഇറാന്റെ ഭീഷണിയെ തുടർന്ന് മുൻ കരുതൽ എന്ന നിലയിൽ ഖത്തർ വ്യോമ പാത അടച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നാണ് വിവരം.
ഇറാഖിലെ യുഎസിന്റെ വ്യോമതാവളമായ ഐൻ അൽ അസദിൽ വ്യോമ പ്രതിരോധ സംവിധാനം യുദ്ധസന്നദ്ധമായി. സൈനികർ ബങ്കറുകളിൽ അഭയം തേടണമെന്ന് നിർദ്ദേശം നൽകിയതായി റോയിട്ടേഴ്സ് സൈനിക വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്തു. അതേസമയം ഇറാൻ യുഎസിന്റെ സൈനിക താവളമായ അൽ ഉദെയ്ദിൽ നടത്തിയ മിസൈൽ ആക്രമണം ഖത്തറിന്റെ വ്യോമപ്രതിരോധ സംവിധാനം നിർവീര്യമാക്കിയെന്ന് അൽ ജസീർ റിപ്പോർട്ട് ചെയ്തു. അതേസമയം വൈറ്റ് ഹൗസ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് മുതിർ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.