ബെയ്ജിങ്: ബെയ്ജിങ്ങിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കൂടിക്കാഴ്ചയിൽ പ്രാദേശിക സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിന്ന് ഭീകരവാദ വിരുദ്ധ നടപടികളുടെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്റെ മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ ചൈന സമ്മർദം ചെലുത്തണമെന്ന പരോക്ഷ ലക്ഷ്യവും ഇന്ത്യക്കുണ്ട്.
ഇന്ത്യ-ചൈന ബന്ധങ്ങളിലെ സമീപകാല പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്തു. നയതന്ത്രബന്ധത്തിലുൾപ്പെടെ കൂടുതൽ സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ-ചൈന ബന്ധത്തിൽ ചില നല്ല പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കൂടിക്കാഴ്ചയിൽ വാങ് യി ചൂണ്ടിക്കാട്ടി. അതേസമയം വിവിധ മേഖലകളിൽ ചൈനയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ സന്നദ്ധമാണെന്ന് അജിത് ഡോവലും അറിയിച്ചു.
സുരക്ഷാ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയിലെ (SCO) അംഗരാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അജിത് ഡോവൽ ചൈനയിലെത്തിയത്. എസ്‌സിഒയുടെ നിലവിലെ ചെയർമാനെന്ന നിലയിൽ ചൈനയാണ് എസ്‌സിഒ കോൺക്ലേവിന് ആതിഥേയത്വം വഹിക്കുന്നത്. 2020 മെയ് മാസത്തിൽ കിഴക്കൻ ലഡാക്കിൽ സൈനിക സംഘർഷം ആരംഭിച്ചതിനുശേഷം ഉഭയകക്ഷി ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ ന്യൂഡൽഹിയും ബീജിംഗും നടത്തുന്ന വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് ഈ സന്ദർശനത്തെ കാണുന്നത്.