തിരുവനന്തപുരം: തമ്പാനൂരിലെ കൈരളി തിയേറ്ററിൽ വീരവണക്കം എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ കാണാനെത്തിയ ക്ഷണിയ്‌ക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന 19-കാരിയെ ശല്യം ചെയ്ത വൃദ്ധൻ അറസ്റ്റിൽ. ശാസ്തമംഗലം മരുതുംകുഴിക്ക് സമീപം പ്രണവം (എംആർഎ ബി-19) വീട്ടിൽ സോമനാഥനെയാണ് (71) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി സ്വദേശിനിയും അഭിഭാഷകയുമായ യുവതിയെയാണ് ഇയാൾ ശല്യം ചെയ്തത്. പ്രതിക്കെതിരെ പൊതുസ്ഥലത്ത് വച്ച് സ്ത്രീയെ ശല്യം ചെയ്തതിനും മോശമായി പെരുമാറിയതിനും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 75 പ്രകാരം കേസ് എടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. താമ്പാനൂർ എസ്.എച്ച്ഒ വി. എം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ബിനു മോഹൻ, സിപിഒ ഷെഫീഖ്, ശ്രീരാഗ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വിശാരദ് ക്രിയേഷൻസിന്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന തമിഴ് ചിത്രമാണ് വീരവണക്കം. ദിവസങ്ങൾക്കു മുമ്പ് ചെന്നൈയിൽ വ്യത്യസ്ത രാഷ്‌ട്രീയ നേതാക്കളും ചലച്ചിത്ര- സാഹിത്യ- സാംസ്കാരിക- മാധ്യമരംഗങ്ങളിലെ പ്രമുഖരും പങ്കെടുത്ത ‘വീരവണക്ക’ത്തിന്റെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു.