രാജ്യത്തെ ഒറ്റുകൊടുക്കാൻ ശ്രമിച്ച പാക് ചാരനെ പിടികൂടി. നാവിക സേനയുടെ ഡൽഹി ആസ്ഥാനത്ത് ക്ലർക്കായി ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ വിശാൽ യാദവിനെ രാജസ്ഥാൻ പൊലീസിന്റെ ഇൻ്റലിജൻസ് വിഭാഗമാണ് പിടികൂടിയത്. നേവിയെക്കുറിച്ചും മറ്റ് പ്രതിരോധ സേനകളെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങൾ കൈമാറാനായിരുന്നു ഇയാളുടെ നീക്കം. മൊബൈൽ ഫോണിലൂടെ ചില വിവരങ്ങൾ ഐഎസ്ഐ ഏജൻ്റിന് കൈമാറിയിട്ടുമുണ്ട്. ഇയാളുടെ ചാരവൃത്തി ഇന്റലിജൻസ് വൃത്തങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിഷ്ണുകാന്ത് ഗുപ്ത പറഞ്ഞു.
നിരീക്ഷണത്തിൽ ഇയാൾ പതിവായി ഒരു വനിത ഐഎസ്ഐ ഏജൻ്റുമായി ബന്ധം പുലർത്തുന്നത് കണ്ടെത്തി. പ്രിയ ശർമ എന്ന പേരിലായിരുന്നു ഏജൻ്റ് സോഷ്യൽ മീഡിയയിലൂടെ യാദവുമായി സംസാരിച്ചിരുന്നത്.
തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്താൻ തന്നെ ഹണിട്രാപ്പിൽ കുടുക്കിയെന്നും പണം നൽകിയെന്നും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ ഗെയ്മിന് അടിമയായിരുന്ന യാദവിന് നിറയെ കടങ്ങളുണ്ടായിരുന്നു. ഇത് വീട്ടാനാണ് രാജ്യത്തെ ഒറ്റുകൊടുക്കാൻ ശ്രമിച്ചത്. ക്രിപ്റ്റോ കറൻസി ട്രേഡിംഗ് അക്കൗണ്ടിലൂടെയും യാദവിന്റെ ബാങ്ക് അക്കൗണ്ടിലൂടെയുമാണ് പണമെത്തിയത്. ഇന്റലിജൻസ് ഏജൻസികളുടെ സംയുക്ത സംഘം ഇയാളെ ജയ്പൂരിൽ ചോദ്യം ചെയ്യുകയാണ്.















