ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ജൂലൈയിൽ അഞ്ച് രാഷ്‌ട്രങ്ങൾ സന്ദർശിക്കും. ജൂലൈ 2 ന് ആരംഭിക്കുന്ന 8 ദിവസത്തെ പര്യടനത്തിൽ ബ്രസീൽ, ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് ഉൾപ്പെടുന്നത്. ഘാനയിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനത്തോടെയാണ് പര്യടനം ആരംഭിക്കുക. കൂടാതെ ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഘാനയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ നിന്ന് ഘാന സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകും നരേന്ദ്രമോദി. സന്ദർശന വേളയിൽ, ഘാന പ്രസിഡന്റുമായി പ്രധാനമന്ത്രി സാമ്പത്തിക, ഊർജ്ജ, പ്രതിരോധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഘാനയ്‌ക്ക് ശേഷം, പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സറിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ജൂലൈ 3 മുതൽ 4 വരെ ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശിക്കും.1999 ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്. സന്ദർശന വേളയിൽ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രസിഡന്റ് ക്രിസ്റ്റീൻ കാർല കംഗലൂ, പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ എന്നിവരുമായി മോദി ചർച്ച നടത്തും. ദ്വീപ് രാഷ്‌ട്രമായ ടൊബാഗോയുടെ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.
മോദി തന്റെ സന്ദർശനത്തിന്റെ മൂന്നാം ഘട്ടത്തിൽ ജൂലൈ 4 മുതൽ 5 വരെ അർജന്റീന സന്ദർശിക്കും. അവിടെ പ്രസിഡന്റ് ജാവിയർ മിലിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊർജ്ജം, വ്യാപാരം, നിക്ഷേപം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ചായിരിക്കും ചർച്ചകൾ.
തുടർന്ന് ജൂലൈ 5 മുതൽ 8 വരെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ബ്രസീലിലേക്ക് പോകും. ബ്രിക്സ് ഉച്ചകോടിയിൽ, ആഗോള ഭരണ പരിഷ്കരണം, സമാധാനവും സുരക്ഷയും, ബഹുരാഷ്‌ട്രവാദം ശക്തിപ്പെടുത്തൽ, കൃത്രിമബുദ്ധിയുടെ ഉത്തരവാദിത്തപരമായ ഉപയോഗം, കാലാവസ്ഥാ പ്രവർത്തനം, ആഗോള ആരോഗ്യം, സാമ്പത്തിക സഹകരണം തുടങ്ങിയ പ്രധാന ആഗോള വിഷയങ്ങളിൽ അദ്ദേഹം ചർച്ചകളിൽ ഏർപ്പെടും. ഉച്ചകോടിക്കിടെ മോദി നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്താനും സാധ്യതയുണ്ട്.
പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ, പ്രസിഡന്റ് നെതുംബോ നന്ദി-ദിത്വയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി ജൂലൈ 9 ന് നമീബിയ സന്ദർശിക്കും. നമീബിയയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. കൂടാതെ നമീബിയ സന്ദർശിക്കുന്ന ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ പ്രധാനമന്ത്രിയുമാണ് മോദി. പ്രസിഡന്റ് നന്ദി-നന്ദൈത്വയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തുകയും നമീബിയയുടെ സ്ഥാപക പിതാവ് അന്തരിച്ച ഡോ. സാം നുജോമയ്‌ക്ക് ആദരാഞ്ജലി അർപ്പിക്കുകയും നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.















