കഴിഞ്ഞ വർഷം ഇതേദിവസമാണ് ഇന്ത്യ ബാർബഡോസിൽ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കപ്പുയർത്തിയത്. ഇപ്പോഴിതാ ഫൈനൽ മാച്ചിലെ അവിസ്മരണീയമായ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് അന്ന് ക്യാപ്റ്റനായിരുന്ന രോഹിത് ശർമ്മ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വളരെ പെട്ടന്ന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഇത് ഡഗ്ഔട്ടിലിരുന്ന തന്നെ പരിഭ്രാന്തിയിലാക്കിയെന്ന് രോഹിത് ശർമ്മ വെളിപ്പെടുത്തി. ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്ന കോലിയുടെയും അക്‌സർ പട്ടേലിന്റെയും ഇന്നിംഗ്‌സിനെയും താരം പ്രശംസിച്ചു.
“ആദ്യ ഓവറിൽ മൂന്ന് ബൗണ്ടറികൾ അടിച്ചാൽ, നിങ്ങൾ നന്നായി തുടങ്ങി. അതാണ് ഏതൊരു ക്രിക്കറ്റ് കളിക്കാരനും ആഗ്രഹിക്കുന്നത്. ‘ഇന്ന് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ദിവസമാണ്’ എന്ന് കോലി ചിന്തിച്ചിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം ഒരു മികച്ച ഇന്നിംഗ്സ് കളിച്ചു. അക്സറുമായി ഒരു മികച്ച കൂട്ടുകെട്ടുണ്ടാക്കി. തുടക്കത്തിൽ ആ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടതിനുശേഷം, ഞാൻ ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥനായിരുന്നു. പരിഭ്രാന്തിയും സമ്മർദവും തോന്നി. കളി അവരുടെ വരുതിയിലാകുമോ എന്ന് ഞാൻ ഭയപ്പെട്ടു,” രോഹിത് പറഞ്ഞു.
ടൂർണമെന്റിന്റെ തുടക്കത്തിൽ കോലിക്ക് മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഫൈനലിൽ തുടക്കത്തിൽ തന്നെ രോഹിത്, ഋഷഭ് പന്ത് , സൂര്യകുമാർ യാദവ് എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതോടെ 59 പന്തിൽ നിന്ന് 76 റൺസ് നേടിയ കോലിയാണ് ടീമിനെ നയിച്ചത്. കളിയുടെ ഗതിമാറ്റുന്നതിൽ 31 പന്തിൽ നിന്ന് 47 റൺസ് നേടിയ അക്സറിന്റെ ഇന്നിംഗ്‌സും നിർണായക പങ്കുവഹിച്ചുവെന്ന് രോഹിത് അഭിപ്രായപ്പെട്ടു. ഇന്ത്യ ടി20 ലോകകപ്പ് നേടിയതിനുപിന്നാലെ കോലിയും രോഹിത്തും ഈ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.