ഭോപ്പാൽ: അമ്മ ശകാരിച്ചതിന് സ്വയം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത് നടപ്പിലാക്കി 13 കാരി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കത്തെഴുതി വച്ച ശേഷം പെൺകുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും, സുഹൃത്തുക്കളോട് സംസാരിക്കുന്നതിനും, ലിപ്സ്റ്റിക് പുരട്ടുന്നതിനുമെല്ലാം അമ്മ ശകാരിച്ചതാണ് കുട്ടിയെ ഇങ്ങനെയൊരു സാഹസത്തിന് പ്രേരിപ്പിച്ചത്.
ഖമാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രിയദർശിനി കോളനിയിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മകളുടെ മുറിയിൽ നിന്ന് ഒരു കുറിപ്പ് കണ്ടെത്തി.
“നിങ്ങളുടെ മകൾ ഞങ്ങളോടൊപ്പമുണ്ട്. അവളെ ജീവനോടെ വേണമെങ്കിൽ 15 ലക്ഷം രൂപ റെഡിയാക്കൂ, പോലീസിനെ അറിയിച്ചാൽ അനന്തരഫലങ്ങൾ വലുതായിരിക്കും,” എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്.
പരിഭ്രാന്തരായ കുടുംബം ഉടൻ തന്നെ ഖമാരിയ പൊലീസിൽ വിവരമറിയിച്ചു. പൊലീസ്അ കുറ്റിക്കായി തെരച്ചിൽ ആരംഭിച്ചു. അന്വേഷണത്തിനിടെ, ഒരു ഓട്ടോറിക്ഷ ഡ്രൈവർ പൊലീസിനോട് പെൺകുട്ടി തന്റെ ഓട്ടോയിൽ കയറി സദർ പ്രദേശത്ത് ഇറങ്ങിയതായി മൊഴി നൽകി. ഇതോടെ പൊലീസ് ഈ പ്രദേശത്തേക്ക് തിരച്ചിൽ വ്യാപിപ്പിച്ചു.
അഞ്ച് മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രദേശത്ത് അലഞ്ഞുതിരിയുകയായിരുന്ന പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. അപ്പോഴാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന സത്യം പെൺകുട്ടി വെളിപ്പെടുത്തിയത്. അമ്മയുടെ ദിവസേനയുള്ള ശകാരങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് അവൾ ഈ സംഭവം മുഴുവൻ ആസൂത്രണം ചെയ്തത്. ഒരു മാസത്തേക്ക് മുറി വാടകയ്‌ക്കെടുത്ത് ഒറ്റയ്‌ക്ക് താമസിക്കാൻ ആവശ്യമായ പണവുമായാണ് താൻ വീട് വിട്ടിറങ്ങിയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയെ പൊലീസ് സുരക്ഷിതമായി കുടുംബത്തിന് കൈമാറി.















