പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്ന വസ്ത്രത്തിന് നിരോധന ഏർപ്പെടുത്തി മുസ്ലീം ഭൂരിപക്ഷ രാജ്യമായ കസാഖിസ്ഥാൻ. കഴിഞ്ഞ ദിവസം പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ് ഇത് സംബന്ധിച്ച നിയമത്തിൽ ഒപ്പുവച്ചു. ഔദ്യോഗിക ചുമതലകൾ, മെഡിക്കൽ ആവശ്യങ്ങൾ, കഠിനമായ കാലാവസ്ഥയിൽ നിന്നുള്ള സംരക്ഷണം തുടങ്ങിയ പ്രത്യേക സന്ദർഭങ്ങളിൽ മാത്രമാണ് ഇളവ്.
നിഖാബിനെ കസാഖ് സ്ത്രീകളുടെ മേൽ റാഡിക്കൽ ഗ്രൂപ്പുകൾ അടിച്ചേൽപ്പിച്ച കാലഹരണപ്പെട്ട വസ്ത്രമെന്നാണ് പ്രസിഡന്റ് ടോകയേവ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ പരമ്പരാഗത മൂല്യങ്ങൾക്ക് വിരുദ്ധമാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖം മറയ്‌ക്കുന്നതിലൂടെ വ്യക്തികളെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും ഇത് പൊതു സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
2017 ൽ കസാഖിസ്ഥാൻ സർക്കാർ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചിരുന്നു. നിരോധനത്തിനെതിരെ നിരവധി വിദ്യാർത്ഥിനികൾ ക്ലാസുകളിൽ പോകാൻ വിസമ്മതിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അടുത്തിടെ കസാക്കിസ്ഥാന്റെ അയൽരാജ്യമായ കിർഗിസ്ഥാനും സമാനമായ നിയമം കൊണ്ടുവന്നിരുന്നു. മേഖലയിലെ മറ്റൊരു രാജ്യമായ ഉസ്ബെക്കിസ്ഥാനും മുഖം മറയ്‌ക്കുന്ന മൂടുപടങ്ങൾ നിരോധിച്ചിട്ടുണ്ട്.















