ട്രിപ്പോളി: ലിബിയയിലെ മിസ്രാത്ത അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് റൺവേയിൽ നിന്ന് തെന്നിമാറി തീപിടിച്ച സംഭവത്തിൽ രണ്ട് പൈലറ്റുമാരെ കസ്റ്റഡിയിൽ എടുത്തു. വിമാനം പറത്തുന്നതിനിടെ ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചതായി ലിബിയൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
സെപ്റ്റംബർ 14നായിരുന്നു അപകടം. തുർക്കി ആസ്ഥാനമായ BKNJET Aviation കമ്പനി പ്രവർത്തിപ്പിച്ചിരുന്ന Cessna Citation Latitude വിമാനം ഇസ്താംബുൾ അതാതുർക്ക് വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരില്ലാതെ മിസ്രാത്തയിലേക്ക് പുറപ്പെട്ടതായിരുന്നു. വിഐപി യാത്രക്കാരെ ലിബിയയിൽ നിന്ന് കൊണ്ടുവരുന്നതിനുള്ള യാത്രയായിരുന്നു ഇത്. ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു.
രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് അറ്റൻഡന്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. മൂവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ വിമാനത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി തടസപ്പെടുകയും ചെയ്തു.
അപകടത്തിന് പിന്നാലെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കുകയും എയർ ട്രാഫിക് കൺട്രോൾ രേഖകൾ, കാലാവസ്ഥാ വിവരങ്ങൾ, ലാൻഡിങ് സമയത്തെ സാഹചര്യങ്ങൾ എന്നിവ അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തു. അപകടത്തിന് 24 മണിക്കൂറിന് ശേഷം ജീവനക്കാരെ ചോദ്യം ചെയ്തതായും പൈലറ്റുമാർക്കെതിരെ മദ്യലഹരിയിൽ വിമാനം പറത്തിയെന്ന തെളിവുകൾ ലഭിച്ചതായും പ്രോസിക്യൂഷൻ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും വിചാരണയ്‌ക്ക് മുമ്പുള്ള തടങ്കലിലേക്ക് മാറ്റാൻ ഉത്തരവിട്ടത്.















