ന്യൂഡൽഹി: സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം. ശിക്ഷാ വിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹർജി സുപ്രീം കോടതി അംഗീകരിച്ചു. ഹൈക്കോടതി അപ്പീലിൽ തീരുമാനം എടുക്കുംവരെയാണ് ജാമ്യം.
പത്ത് വർഷം തടവ് ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീകോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി ഇയാൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും തീരുമാനമാകാൻ കാലതാമസം ഉണ്ടായതോടെയാണ് സുപ്രീംകോടതിയിലും ഹർജി നൽകിയത്. കിരൺ കുമാറിനായി അഭിഭാഷകൻ ദീപക് പ്രകാശാണ് സുപ്രീം കോടതിയിൽ ഹാജരായത്.
വിസ്മയയുടെ ആത്മഹത്യയുമായി പ്രതിക്ക് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവുകളില്ല എന്നായിരുന്നു സുപ്രീകോടതിയിൽ പ്രതിഭാഗത്തിന്റെ വാദം. 2021 ജൂണിലാണ് ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെത്തുടർന്ന് വിസ്മയ തൂങ്ങിമരിച്ചത്. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ വാങ്ങി നൽകിയ കാറിന് പത്ത് ലക്ഷം രൂപ പോലും വിലയില്ലെന്ന് പറഞ്ഞായിരുന്നു പീഡനങ്ങളുടെ തുടക്കം. ശാരീരികമായും മനസികമായുമുള്ള പീഡനം സഹിക്കവയ്യാതെ വന്നതോടെയാണ് വിസ്മയ ആത്മഹത്യ ചെയ്തത്. ഇത് സംബന്ധിക്കുന്ന ഡിജിറ്റൽ തെളിവുകളും ശബ്ദ സന്ദേശങ്ങളും അന്വേഷണത്തിൽ പൊലീസിന് ലഭിച്ചിരുന്നു.















