പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ പാകിസ്ഥാൻ ഹോക്കി ടീം ഇന്ത്യയിലേക്ക്. അടുത്ത മാസം ഇന്ത്യയിലേക്ക് വരാൻ പാകിസ്ഥാൻ ടീമിന് വിദേശകാര്യ മന്ത്രാലയവും കായിക മന്ത്രാലയവും അനുമതി നൽകിയെന്നാണ് സൂചന. ഏഷ്യാ കപ്പിനും ജൂനിയർ ലോകകപ്പിനുമാണിത്. പാകിസ്ഥാന്റെ പങ്കാളിത്തം തടയുന്നത് ഒളിമ്പിക്സ് കമ്മിറ്റിയുടെ നിയമങ്ങൾ വിരുദ്ധമാകുമെന്ന് വിലയിരുത്തിയാണ് അനുമതി നൽകുന്നത്.
ഇന്ത്യ വേദിയാകുന്ന ബഹുരാഷ്‌ട്രങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് പാകിസ്ഥാനെ തടയില്ലെന്നും അതേസമയം ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള മത്സരങ്ങൾ(പരമ്പര) അനിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏഷ്യാകപ്പ് രാജ്ഗിർ, ബിഹാർ എന്നിവിടങ്ങളിൽ ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ഏഴുവരെയാണ് നടക്കുന്നത്. ചെന്നൈയിലും മധുരയിലുമായി നവംബർ 28 മുതൽ ഡിസംബർ പത്തുവരെയാണ് ജുനിയർ ഹോക്കി ലോകകപ്പ്.