ബെർമിംഗ്ഹാം: 58 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എഡ്ജ്ബാസ്റ്റണില്‍ ടെസ്റ്റ് ജയം സ്വന്തമാക്കി ഇന്ത്യ. രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 336 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ചരിത്ര വിജയം നേടിയത്. 608 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 271 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ (1-1) ഒപ്പമെത്തി.
ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ ആകാശ് ദീപ് അവസാന വിക്കറ്റും നേടി ഇന്ത്യക്ക് അർഹിച്ച് വിജയം നേടിക്കൊടുത്തു. ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റുകളാണ് താരം എഡ്ജ്ബാസ്റ്റണിൽ വീഴ്‌ത്തിയത്. 1976-ന് ശേഷം ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ആദ്യ അഞ്ച് പ്രധാന ബാറ്റര്‍മാരില്‍ നാലു പേരെയും (ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്) പുറത്താക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും ആകാശ് ദീപ് സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസം മൈക്കൽ ഹോൾഡിംഗിന്റെ റെക്കോർഡാണ് ആകാശ് സ്വന്തം പേരിലാക്കിയത്.
ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. അതേസമയം 99 പന്തില്‍ നിന്ന് നാലു സിക്സും ഒമ്പത് ഫോറുമടക്കം 88 റണ്‍സെടുത്ത ജാമി സ്മിത്താണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിംഗ്‌സിലും താരം പുറത്തകാതെ 184 റൺസ് എടുത്തിരുന്നു.















