ഇൻഡോർ: ഭർത്താവ് വിവാഹശേഷം നിർബന്ധിച്ച് മതം മാറ്റിയതായും ബീഫ് കഴിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് യുവതി. ബിഹാറിലെ ബെഗുസാരായി സ്വദേശിയായ ഭർത്താവിനെതിരെയാണ് സ്ത്രീ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ആരതി കുമാരിയും ഭർത്താവ് മുഹമ്മദ് ഷെഹബാസും അഞ്ച് വർഷം മുൻപാണ് വിവാഹിതരാകുന്നത്. ഫേസ് ബുക്കിലൂടെപരിചയപ്പെട്ട ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
“വർഷങ്ങളുടെ സൗഹൃദത്തിന് ശേഷം ഞാൻ ബെഗുസാരായിയിൽ പോയി അദ്ദേഹത്തെ വിവാഹം കഴിച്ചു. എന്നാൽ വിവാഹശേഷം ഷഹബാസ് തന്നെ ബീഫ് കഴിക്കാനും മതം മാറ്റാനും നിർബന്ധിച്ചു. എന്റെ ഫോണിൽ നിന്ന് അദ്ദേഹം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഇല്ലാതാക്കി, ഞാൻ വിസമ്മതിച്ചപ്പോൾ എന്നെ ശാരീരികമായി ആക്രമിച്ചു,” ആരതികുമാരിയുടെ പരാതിയിൽ പറയുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടപ്പോൾ ഷഹബാസ് ഫേസ്ബുക്കിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വ്യാപാരിയായിട്ടാണ് സ്വയം പരിചയപ്പെടുത്തിയത്. എന്നാൽ വാസ്തവത്തിൽ അയാൾ ഒരു പൂക്കച്ചവടക്കാരനാണെന്നും യുവതി പറഞ്ഞു. പീഡനം സഹിക്കാനാവാതെ വന്നതോടെ അവർ ബെഗുസാരായി പോലീസിനെ സമീപിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടു. നിലവിൽ ഒരു വനിതാ അഭയകേന്ദ്രത്തിലാണ് ആരതി ഉള്ളത്. വീട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.