ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനും മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനുമെതിരെ തെറ്റായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതിന് കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഖാർഗെയും കോൺഗ്രസും പരസ്യമായി മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ഛത്തീസ്ഗഡിൽ നടന്ന ഒരു പരിപാടിയിൽ ഖാർഗെ ബിജെപിക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. ബിജെപി പങ്കിട്ട ഖാർഗെയുടെ പ്രസംഗത്തിന്റെ വീഡിയോയിൽ, രാഷ്‌ട്രപതി മുർമുവിന്റെ പേരുകൾ “മുർമ്മ ജി” എന്നും മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ “കോവിഡ്” എന്നും അദ്ദേഹം തെറ്റായി ഉച്ഛരിക്കുന്നുണ്ട്.
ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ഖാർഗെയ്‌ക്കെതിരെ ആഞ്ഞടിച്ചു. രാഷ്‌ട്രപതിക്കും മുൻ രാഷ്‌ട്രപതിക്കും എതിരെ അദ്ദേഹം ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ദളിത് വിരുദ്ധ , ആദിവാസി വിരുദ്ധ, ഭരണഘടനാ വിരുദ്ധ മനോഭാവം കോൺഗ്രസ് പാർട്ടിയുടെ ഡിഎൻഎ യിൽ തന്നെയുള്ളതാണെന്നും ഗൗരവ് ഭാട്ടിയ കൂട്ടിച്ചേർത്തു.
രാഷ്‌ട്രപതി മുർമുവിനും കോവിന്ദിനുമെതിരെ “അരോചകവും അവഹേളനപരവുമായ” പരാമർശങ്ങൾ നടത്തിയതിന് ഖാർഗെ മാപ്പ് പറയണമെന്ന് ഭാട്ടിയ ആവശ്യപ്പെട്ടു . കോൺഗ്രസ് മേധാവി തന്റെ പരാമർശങ്ങളിലൂടെ രണ്ട് നേതാക്കളെയും അപമാനിക്കുക മാത്രമല്ല, ആദിവാസി, ദളിത് സമുദായങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.