അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ച് ബന്ധുക്കൾ. ബിഹാറിലെ സുപോൾ ജില്ലയിലാണ്. മർദ്ദനത്തിന് പിന്നാലെ ആന്റിയെയും(അമ്മായി) 24-കാരനെയും നിർബന്ധപൂർവം വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തു. ജൂലായ് 2ന് നടന്ന സംഭവത്തിന്റെ വീഡിയോകൾ പുറത്തുവന്നു. മിതലേഷ് കുമാർ മുഖിയ എന്ന യുവാവിനെയാണ് അമ്മാവൻ ശിവ്ചന്ദ്ര മുഖ്യയുടെ വീട്ടിലേക്ക് കടത്തിക്കൊണ്ടു പോയി മർദ്ദിച്ചതും അമ്മായിയെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചതും. ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് യുവാവിനെ തല്ലിയത്.
തടികഷ്ണങ്ങൾ ഉപയോഗിച്ചും അല്ലാതെയുമായിരുന്നു മർദ്ദനം. ശിവ്ചന്ദ്രയുടെ ഭാര്യ റിത ദേവിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. തന്നെയും നാലുവയസുകാരനെയും ഉപേക്ഷിച്ച ഭാര്യയെ വേണ്ടെന്ന് ശിവ്ചന്ദ്ര പറയുന്നതും കേൾക്കാമായിരുന്നു. ഇതിന് ശേഷം യുവാവിനെ നിർബന്ധിപ്പിച്ച് യുവതിയുടെ നെറ്റിയിൽ സിന്ദൂരവും ചാർത്തിച്ചു. ഇതോടെ വിവാഹം കഴിഞ്ഞെന്ന് അവിടെ കൂടി നിന്നവർ പറഞ്ഞു. ഇതിന്റെ വീഡിയോയാണ് പുറത്തുവന്നത്.
മിതലേഷിനെ പൊലീസ് എത്തിയാണ് രക്ഷിച്ചത്. മിതലേഷിന്റെ പിതാവിന്റെ പരാതിയിൽ അഞ്ചുപേർക്കെതിരെയാണ് ഗുരുതര ആരോപണമുള്ളത്. അവിഹിത ബന്ധം ആരോപിച്ച് മകനെയും രക്ഷിക്കാനെത്തിയ കുടുംബത്തെയും ക്രൂരമായി മർദ്ദിച്ചെന്ന് കാട്ടി യുവാവിന്റെ പിതാവ് രാമചന്ദ്രയാണ് പരാതി നൽകിയത്. കൈക്കും തലയക്കും കഴുത്തിനും പരിക്കേറ്റ മിതലേഷിന്റെ ആരോഗ്യനില ഗുരുതരമെന്നാണ് സൂചന.