ടെന്നീസ് താരമായ രാധിക യാദവിനെ(25) വെടിവച്ച് കൊലപ്പെടുത്തി പിതാവ്. ഹരിയാന ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ് ടുവിൽ ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. അഞ്ചു തവണയാണ് പ്രതി മകൾക്ക് നേരെ നിറയൊഴിച്ചത്. ഇതിൽ മൂന്നു വെടിയുണ്ടകൾ രാധികയുടെ ശരീരം തുളച്ചു. മകളുടെ ഇൻസ്റ്റഗ്രാം റീൽ അഡിക്ഷനിൽ(ആസക്തി) പിതാവ് അസ്വസ്ഥനായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അയൽവാസികൾ പറയുന്നത്. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ് പൊലീസ്.
സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന ടെന്നീസ് താരമാണ് രാധിക. ദേശീയ തല മത്സരങ്ങളിൽ പലതവണ പങ്കെടുത്തിയിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ലൈസൻസുള്ള തോക്കുപയോഗിച്ചാണ് ആക്രമിച്ചത്. യുവതിയെ വെടിയേറ്റതിന് പിന്നാലെ ബന്ധുക്കൾ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് ആശുപത്രിയിൽ എത്തി വിവരങ്ങൾ അന്വേഷിച്ചെങ്കിലും ബന്ധുക്കൾ ഒന്നും വ്യക്തമാക്കിയിരുന്നില്ല. പിന്നീട് വീട്ടിലെ പരിശോധനയിൽ അയൽവാസികളാണ് വെടിവയ്പ്പിന്റെ കാര്യം വെളിപ്പെടുത്തിയത്.