ലോർഡ്സിലെ മൂന്നാം ടെസ്റ്റിൽ തുടക്കത്തിലെ പതർച്ചയ്‌ക്ക് ശേഷം കരകയറി ഇംഗ്ലണ്ട്. 172/3 എന്ന നിലയിലാണ് ആതിഥേയർ. 44/2 എന്ന നിലയിൽ തകർച്ചയെ നേരിട്ട ഇംഗ്ലണ്ടിനെ 109 റൺസ് ചേർത്ത് റൂട്ട് -പോപ്പ് സഖ്യമാണ് കരകയറ്റിയത്. ഇതിനിടെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. ഇടത് കൈക്ക് പരിക്കേറ്റ താരം കളംവിട്ടതോടെ ധ്രുവ് ജുറേൽ ചുമതലയേറ്റെടുത്തു.
34-ാം ഓവറിലായിരുന്നു സംഭവം. ബുമ്രയുടെ ലെഗ് സൈഡ് ഡെലിവറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് കൈവിരലിൽ പരിക്കേറ്റത്. ഇതോടെ ഡഗൗട്ടിൽ നിന്നുള്ള മെഡിക്കൽ സംഘം താരത്തിന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും വേദന മാറിയില്ല. ഇതോടെ പന്ത് ഗ്രൗണ്ട് വിടാൻ നിർബന്ധിതനാവുകയായിരുന്നു. രണ്ടു സെഞ്ച്വറിയടക്കം 342 റൺസാണ് പന്ത് പരമ്പരയിൽ നിന്ന് സ്വന്തമാക്കിയത്. ഇടം കൈയൻ ബാറ്ററുടെ ഫോമും ഫിറ്റ്നസും ഇന്ത്യക്ക് നിർണായകമാണ്.
അതേസമയം ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ട് അർദ്ധ സെഞ്ച്വറി പിന്നിട്ടു. ഒലി പോപ്പ് 44 റൺസെടുത്ത് പുറത്തായി. ജഡേജയ്‌ക്കായിരുന്നു വിക്കറ്റ്. ഓപ്പണർമാരായ സാക് ക്രോളി(18), ബെൻ ഡക്കറ്റ്(23) സഖ്യത്തെ നിതീഷ് കുമാർ റെഡ്ഡിയാണ് പുറത്താക്കിയത്. റൂട്ടിനൊപ്പം 10 റൺസെടുത്ത ഹാരി ബ്രൂക്കാണ് ക്രീസിൽ( ഈ വാർത്ത നൽകും വരെയുള്ള വിവരങ്ങൾ)
Dhruv Jurel takes the gloves as Rishabh Pant goes off for treatment on his hand 🔃 pic.twitter.com/LGDgi34IN7
— Sky Sports Cricket (@SkyCricket) July 10, 2025















