കൊല്ലം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നിതീഷിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വിപഞ്ചികയുടെ അമ്മ ഷൈലജ. നിതീഷിന്റെ സഹോദരിയും പിതാവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും നിതീഷിന് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നും ഷൈലജ പറഞ്ഞു.
വിപഞ്ചിക സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോദരിക്ക് ഇഷ്ടമില്ലായിരുന്നു. നിതീഷിന്റെ അവിഹിതബന്ധം മകൾ കണ്ടുപിടിച്ചിരുന്നു. അതും മകൾ ക്ഷമിച്ചു. പെട്ടെന്നൊരു ദിവസം മകളെ വേണ്ടന്ന് നിതീഷ് പറഞ്ഞു. ശമ്പളം സ്വരൂപിച്ച് സ്വന്തമായൊരു വീട് വാങ്ങി ഭർത്താവിനും മകൾക്കുമൊപ്പം ജീവിക്കണം എന്നതായിരുന്നു വിപഞ്ചികയുടെ ആഗ്രഹം. നിതീഷിന്റെ മുടി വെട്ടിയപ്പോൾ മകളെ നിർബന്ധിപ്പിച്ച് തലമൊട്ടയടിപ്പിച്ചു.
നിതീഷിന്റെ അച്ഛൻ മദ്യപാനിയായിരുന്നു. അയാൾ മകളോട് മോശമായി പെരുമാറിയിട്ടുണ്ട്. ഒരു കാര്യവും മകൾ എന്നോട് തുറന്നുപറഞ്ഞിരുന്നില്ല. വിവരം അറിഞ്ഞിരുന്നെങ്കിൽ മകളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുമായിരുന്നു. സ്ത്രീധനം കുറഞ്ഞുപോയിയെന്ന് പറഞ്ഞ് മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിനും നിതീഷ് ക്രൂരമായി മർദ്ദിച്ചു. മകളുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് ആഗ്രഹമെന്നും ഷൈലജ പറഞ്ഞു.
വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ നിതീഷിനും കുടുംബത്തിനുമെതിരെ ആത്മഹത്യാകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സ്ത്രീധന നിരോധന നിയമപ്രകാരവും കേസെടുത്തു. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസ്.















