ആലപ്പുഴ: ഹരിപ്പാട് സ്കൂളുകളും റോഡുകളും തകരുന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി ബിജെപി. എംഎൽഎ രമേശ് ചെന്നിത്തലയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ജൂലൈ 31-ന് രാവിലെ പത്ത് മണിക്കാണ് മാർച്ച് നടത്തുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി മാർച്ച് ഉദ്ഘാടനം ചെയ്യും.
ഹരിപ്പാട് പ്രവർത്തിക്കുന്ന സ്കൂളുകൾ ഇടിഞ്ഞുവീഴുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. ചെറിയ മഴ വരുമ്പോൾ തന്നെ റോഡുകൾ തകർന്ന് കുളമാവുന്നു. ഇതോടെ ഗതാഗതം തടസപ്പെട്ട് അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ട്. മഴക്കാലം തുടരുമ്പോൾ തന്നെ കടലോര പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറുന്നു. നിർമാണ പ്രവർത്തനത്തിലിരിക്കുന്ന പാലങ്ങൾ പാതിവഴിയിൽ നിർത്തിവച്ചിരിക്കുകയാണ്. ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോഴും സ്ഥിതിഗതികൾ വിലയിരുത്താനോ പരിഹാര മാർഗങ്ങൾ കണ്ടെത്താനോ ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തലയ്‌ക്ക് കഴിഞ്ഞിട്ടില്ല.
എംഎൽഎ എന്ന നിലയിൽ നടപ്പിലാക്കേണ്ട പദ്ധതികളെല്ലാം അവതാളത്തിലാണ്. ജനങ്ങളോടുള്ള അവഗണനയ്ക്കെതിരെയാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തുന്നത്. 31-ന് നടക്കുന്ന പ്രതിഷേധ മാർച്ചിൽ നിരവധി പേർ പങ്കെടുക്കുമെന്നാണ് വിവരം.















