ട്രെയിൻ കാത്തുനിന്ന് കവർച്ച, വാതിലിന് അരികിൽ നിൽക്കുന്നവരെ വടി കൊണ്ട് അടിക്കും; പിന്നാലെ നിലത്ത് വീഴുന്ന സാധനങ്ങളുമായി കടക്കും: ആലുവയിൽ മോഷ്ടാക്കൾ പിടിയിൽ

Published by
ജനം വെബ്‌ഡെസ്ക്

എറണാകുളം: ട്രെയിൻ യാത്രക്കാരിൽ നിന്ന് പണവും മൊബൈൽ ഫോണും പിടിച്ചുപറിക്കുന്ന സംഘം പിടിയിൽ. ആലുവ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന രണ്ടം​ഗസംഘമാണ് പിടിയിലായത്. ട്രെയിനിന്റെ വാതിലിൽ നിൽക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ടാണ് സംഘം കവർച്ച നടത്തുന്നത്. കൊച്ചി സ്വദേശിയായ ഷൈൻ, കണ്ണൂർ സ്വദേശി അഭിഷേക് എന്നിവരാണ് പിടിയിലായത്.

പെരിയാർ പാലത്തിലൂടെ ട്രെയിൻ വേ​ഗതകുറച്ച് പോകുമ്പോഴാണ് സംഘം യാത്രക്കാരെ അടിച്ച് സാധനങ്ങൾ കൈപ്പറ്റുന്നത്. വാതിലിനരകിൽ നിൽക്കുന്ന യാത്രക്കാരെ വടി ഉപയോ​ഗിച്ച് അടിക്കും. തുടർന്ന് നിലത്ത് വീഴുന്ന സാധനങ്ങൾ കൈക്കലാക്കുന്നു. കഴിഞ്ഞ 11-ന് മുംബൈയ്‌ക്ക് യാത്ര ചെയ്തിരുന്ന യുവാവിൽ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ സംഘം തട്ടിയെടുത്തിരുന്നു.

കഴിഞ്ഞയാഴ്ചയും ആലുവയിൽ സമാനരീതിയിൽ കവർച്ച നടന്നിരുന്നു. ആലുവ റെയിൽവേ സ്റ്റേഷന് സമീപമുള്ള പെരിയാർ പാലത്തിലൂടെ വേ​ഗം കുറച്ചാണ് ട്രെയിനുകൾ പോകുന്നത്. മേൽപ്പാലത്തിനും റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ഭാ​ഗത്താണ് കവർച്ചാസംഘം നിൽക്കുന്നത്. ട്രെയിൻ വേ​ഗത കുറച്ച് കടന്നുപോകുന്നതും കവർച്ചാസംഘം യാത്രാക്കാരുടെ കയ്യിലുള്ള സാധനങ്ങൾ അടിച്ചുവീഴ്‌ത്തും. നീളമുള്ള വടി ഉപയോ​ഗിച്ചാണ് ആക്രമിക്കുന്നത്.

Share