ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിലക്കിയ ജനപ്രിയ ചൈനീസ് ആപ്പായ ടിക് ടോക് വീണ്ടും തിരിച്ചു കൊണ്ടുവന്നുവെന്ന സോഷ്യൽമീഡിയ അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ. ടിക് ടോക്, ഓൺലൈൻ ഷോപ്പിംഗ് ആപ്പ് അലിഎക്സ്പ്രസ്, ഷെയ്ൻ എന്നീ ആപ്പുകളുടെ വിലക്ക് മാറ്റി എന്നായിരുന്നു റിപ്പോർട്ടുകൾ. ഇന്ത്യ- ചൈന ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ആപ്പുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കം ചെയ്തതെന്നാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
2020-ലെ ഇന്ത്യ-ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയത്. അഞ്ച് വർഷത്തിന് ശേഷം ടിക് ടോക് ഉൾപ്പെടെയുള്ള ആപ്പുകൾ തിരികെ വരുന്നതിൽ ഉപയോക്താക്കൾ ഏറെ ആവേശഭരിതരായിരുന്നു. ചില ഉപയോക്താക്കൾക്ക് ടിക് ടോക്കിന്റെ വെബ്സൈറ്റുകൾ ആക്സസ് ചെയ്യാൻ കഴിഞ്ഞെന്നും എന്നാൽ ഹോംപേജല്ലാതെ മറ്റൊന്നും ഉപയോഗിക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു.
ഈ വർഷം ഫെബ്രുവരിയിൽ നിരാേധിച്ച നിരവധി ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ വീണ്ടും എത്തിയിരുന്നു. വിലക്കിയ ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമായിരുന്നു. സെൻഡർ, ടാൻടാൻ തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകൾ വീണ്ടും ഡൗൺലോഡ് ചെയ്യാനും സാധിച്ചു. ഈ ആപ്പുകൾ മാറ്റങ്ങളോടെയാണ് തിരിച്ചെത്തിയിരിക്കുന്നത്.
സുരക്ഷാവെല്ലുവിളികൾ ചൂണ്ടിക്കാട്ടി 2020 ജൂൺ 29-നാണ് ടിക് ടോക് ഉൾപ്പെടെ 58 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ചുരുങ്ങിയ നാളുകൾ കൊണ്ട് ഏറെ ജനപ്രീതി നേടിയ വിനോദ ആപ്പായിരുന്നു ടിക് ടോക്. ഇതിനിടെയാണ് വിലക്കേർപ്പെടുത്തിയത്. ഉപയോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുകയും ചാരവൃത്തിക്കുള്ള ഉപകരണമായി പ്രവർത്തിക്കുകയും ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.















