ബെംഗളൂരു: ധർമസ്ഥല വിവാദത്തിൽ നടന്നത് വൻ ഗൂഢാലോചനയെന്ന് റിപ്പോർട്ട്. ധർമസ്ഥലയ്ക്കും മഞ്ജുനാഥ ക്ഷേത്രത്തിനുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളിയായ ചിന്നയ്യയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഗൂഢാലോചനയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നത്. 2023 മുതലാണ് ധർമസ്ഥലയെയും വിശ്വാസികളെയും വെട്ടിലാക്കാനുള്ള ഗൂഢാലോചന ആരംഭിച്ചതെന്നും ഇതിനായി രണ്ട് ലക്ഷം രൂപ ചിന്നയ്യ പ്രതിഫലം വാങ്ങിയെന്നുമാണ് വിവരം. ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഒരു സംഘം ആളുകൾ ചിന്നയ്യയെ വീട്ടിൽ വന്ന് കാണുകയും ധർമസ്ഥലയെ അധിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം. ആ സമയത്ത് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കാണാനില്ലെന്ന് ചിന്നയ്യ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. പ്രശസ്തി ആഗ്രഹിച്ചാണ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് ചിന്നയ്യയുടെ ഭാര്യ നേരത്തെ മൊഴി നൽകിയിരുന്നു.
അതേസമയം, ചിന്നയ്യ നേരത്തെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്ന തലയോട്ടിയിൽ കണ്ടെത്തിയ മണ്ണ് ധർമസ്ഥലയിലേത് അല്ലെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. കൂടാതെ കണ്ടെടുത്ത തലയോട്ടി 40 വർഷം മുമ്പ് മരിച്ച ഒരു പുരുഷന്റേതാണെന്നും വ്യക്തമായിട്ടുണ്ട്.















