തൊടുപുഴ: മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ ബംഗളുരുവിൽ പിടിയില്‍. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് നാല് പേരെയും തൊടുപുഴയിലെത്തിച്ച് മൊഴിയെടുക്കും.വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സിഐ ഉള്‍പ്പെടെയുള്ള പ്രത്യേക സംഘമാണ് പ്രതികള്‍ക്കായി അന്വേഷണം നടത്തിവന്നത്.
ആക്രമണം നടത്തിയ ശേഷം അന്നുതന്നെ ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നു കളഞ്ഞിരുന്നതായാണ് പൊലീസ് പറയുന്നത് . ശനിയാഴ്‌ച്ച വൈകുന്നേരത്തോടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ തൊടുപുഴയില്‍ വച്ചായിരുന്നു ഷാജന്‍ സ്‌കറിയയ്‌ക്ക് നേരെ ആക്രമണമുണ്ടായത്. അഞ്ചംഗ സംഘമാണ് ആക്രമിച്ചത് ഇതില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍നടത്തിവരികയാണ്.
ശനിയാഴ്ച വൈകുന്നേരം 6.45ഓടെ മങ്ങാട്ടുകവലയില്‍ വച്ചാണ് കറുത്ത ഥാര്‍ ജീപ്പിലെത്തിയ അഞ്ചുപേര്‍ ചേര്‍ന്നു ഷാജനെ മര്‍ദിച്ചത്. പരിക്കേറ്റ ഷാജനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഐഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഷാജന്‍ സ്‌കറിയ പറയുന്നു.















