ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി വഴിപാട് കഴിപ്പിച്ചതിനെ കുറിച്ച് മനസുതുറന്ന് മോഹൻലാൽ. ആരും അറിയരുതെന്ന് വിചാരിച്ച് ചെയ്ത കാര്യമാണെന്നും എന്നാൽ അത് പുറത്തുവന്നതിന് ശേഷം അതിന് പല രീതിയിലുള്ള വ്യാഖ്യാനങ്ങൾ ഉണ്ടായിയെന്നും മോഹൻലാൽ പറഞ്ഞു. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ഒരുപാട് പേർ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. അതിൽ ഒരാൾ മാത്രമാണ് ഞാൻ. ഒരുപാട് വർഷത്തെ പരിചയം. ഒരു ജേഷ്ഠന്റെ സ്ഥാനം. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. കൂടെയുള്ള ആൾക്കാർക്കൊരു സങ്കടം വരുമ്പോൾ ഒരുപാട് വിഷമിക്കുന്ന ഒരാളാണ് ഞാൻ. ദുഃഖം കൊണ്ട് കാര്യമില്ല. പക്ഷേ, അവർക്ക് വേണ്ടി ഒരു മിനിറ്റ് പ്രാർത്ഥിക്കുന്നതിൽ എന്താണ് തെറ്റ്. ആരും അറിയരുതെന്ന് വിചാരിച്ച് ചെയ്ത കാര്യമാണ്. അത് വന്നു കുഴപ്പമില്ല. എന്തായാലും ഒരുപാട് പേരുടെ പ്രാർത്ഥന ഈശ്വരൻ കേട്ടു”.
അദ്ദേഹം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. ഒരുപക്ഷേ, എന്റെയൊപ്പമായിരിക്കും അദ്ദേഹം അഭിനയിക്കുന്നത്. ഞങ്ങൾ ഒരു സിനിമ ഒരുമിച്ചാണ് ചെയ്തുകൊണ്ടിരുന്നത്. അതൊരു ഈശ്വര നിയോഗമായിരിക്കാം. ഒരു ഈശ്വരസാന്നിധ്യം അദ്ദേഹത്തിനുണ്ട്. ഒരുപാട് പേരുടെ പ്രാർത്ഥന അദ്ദേഹത്തോടൊപ്പമുണ്ട്. അതിന്റെ കൂടെയുള്ള ആളാണ് താനെന്നും മോഹൻലാൽ പറഞ്ഞു.















