പന്തളം: ശബരിമല സംരക്ഷണ സംഗമത്തിന്റെ ഭാഗമാകാൻ അയ്യന്റെ പിഞ്ചു പാദം പതിഞ്ഞ പന്തളത്തേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. കേരളത്തിന് അകത്ത് നിന്നും പുറത്തു നിന്നുമുള്ള ഭക്തർ രാവിലെ തന്നെ സംഗമം നടക്കുന്ന പന്തളം നാനാക്ക് കൺവെൻഷൻ സെൻററിൽ എത്തി. ശരണ മന്ത്രങ്ങളാൽ നിറഞ്ഞ സദസ്സിന്റെ അകമ്പടിയോടെ വാഴൂർ തീർത്ഥ പാദാശ്രമത്തിലെ പ്രജ്ഞാനാനന്ദതീർത്ഥ പാദർ സംഗമം ഉദ്ഘാടനം ചെയ്തു.

150 ലധികം സാമുദായിക സംഘടനകളുടെ ഭാരവാഹികൾ, 60 ലധികം സന്യാസി ശ്രേഷ്ഠന്മാർ, വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികൾ, വിവിധ സംസ്ഥാനങ്ങളിലെ ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ പ്രതിനിധികൾ , അയ്യപ്പഭക്തസംഘടനകളുടെ പ്രതിനിധികൾ
ക്ഷേത്ര ഭാരവാഹികൾ, ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ടവർ, തന്ത്രി
രാജ പ്രതിനിധി, പേട്ട സംഘങ്ങളുടെ പെരിയോന്മാർ, തിരുവാഭരണ സംഘം, മലയരയ സമാജത്തിന്റെ പ്രതിനിധികൾ തുടങ്ങിയവർ സംഗമത്തിന്റെ ഭാഗമായി. വിശാല ഹിന്ദു സംഗമത്തിനാണ് യഥാർത്ഥത്തിൽ അയ്യന്റെ പന്തളം സാക്ഷിയാകുന്നത്.

വിശ്വാസം വികസനം സുരക്ഷ എന്ന വിഷയത്തിൽ വിവിധ സെമിനാറുകൾ വൻ ജനപങ്കാളിത്തതോടെ പുരോഗമിക്കുകയാണ്. മൂന്ന് മണിക്ക് നടക്കുന്ന മഹാഭക്തജന സംഗമം ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. കർണ്ണാടക എം പി തേജ്വസി സൂര്യയും ഭാഗമാകും. കുളനടയിലെ പ്രത്യേകം ഒരുക്കിയ മൈതാനത്താണ് ഭക്തജന സംഗമം നടക്കുക.
വളരെ ലളിതമായ രീതിയിൽ ചെലവ് ചുരുക്കിയാണ് ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. 10 ലക്ഷം രൂപയിൽ താഴെ മാത്രമാണ് ആകെ ചെലവ്. വളരെ ലളിതമായ ഭക്ഷണമാണ് ഭക്തജനങ്ങൾക്കായി ഒരുക്കിയത്.















