തിരുവനന്തപുരം: ക്ഷേത്രം കട്ടുമുടിച്ചും നാട് കൊള്ളയടിച്ചും തുടര്‍ഭരണം നടത്തുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കും തൊഴിലില്ലായ്മക്കുമെതിരെ യുവമോര്‍ച്ച ഒക്ടോബര്‍ 13ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.
യുവജനവഞ്ചനയുടെ നേര്‍സാക്ഷ്യമായ സംസ്ഥാന ഭരണത്തില്‍ 29 ശതമാനത്തോളം യുവാക്കള്‍ തൊഴിലില്ലാത്തവരായിത്തീര്‍ന്നിരിക്കുന്നുവെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വി. മനുപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടിയാണിത്. നാളിതുവരെ കേരളത്തിലെ യുവജനങ്ങളുടെ കാര്യശേഷിയെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു ഭരണസംവിധാനമുണ്ടായില്ല. പിന്‍വാതില്‍ നിയമനങ്ങളിലൂടെയും കെടുകാര്യസ്ഥതയിലൂടെയും നമ്മുടെ നാട് വലിയ അപകടത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ യുവജനക്ഷേമ ബോര്‍ഡും യുവജന കമ്മിഷനും പാര്‍ട്ടിപ്രവര്‍ത്തകരെ തിരുകിക്കയറ്റാനുള്ള ഒരിടം എന്നതിനപ്പുറം യുവജനങ്ങള്‍ നേരിടുന്ന ഏതെങ്കിലുമൊരു പ്രശ്‌നത്തെ വ്യക്തമായി അഭിമുഖീകരിക്കുന്നില്ലന്നും മനുപ്രസാദ് കുറ്റപ്പെടുത്തി.
തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയിരുന്നവര്‍ അധികാരസ്ഥാനങ്ങളിലെത്തിയപ്പോള്‍ അഴിമതിയും ധൂര്‍ത്തുമാണ്. കേരളത്തില്‍ 47 ശതമാനത്തോളം അഭ്യസ്തവിദ്യരായ യുവതികള്‍ തൊഴിലില്ലാത്തവരാണ്. സര്‍ക്കാര്‍ യുവാക്കളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിപക്ഷവും ഇതിനെല്ലാം ചൂട്ടുപിടിക്കുകന്നു. ഈ നിയമസഭാ സമ്മേളനത്തിന് ഇടയിൽ യുവാക്കളുടെ വിഷയത്തില്‍ സബ്മിഷനോ ഇടപെടലുകളോ ചര്‍ച്ചകളോ പോലും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. സര്‍ക്കാരിന് ശ്രദ്ധ അമ്പലം വിഴുങ്ങുന്നതിലും സ്വര്‍ണം കടത്തുന്നതിലും മാത്രമാണ്.
കേരളത്തില്‍ അമ്പലക്കൊള്ള മാത്രമല്ല നടക്കുന്നത്. യുവജന ക്ഷേമബോര്‍ഡിലും യുവജന കമ്മീഷനിലും അഴിമതിയും കൊള്ളയുമാണ്. മാറേണ്ടത് മുകള്‍ത്തട്ടിലണെന്നും അവിടെ മാറിയാല്‍ എല്ലാം ശരിയാകുമെന്നും മനുപ്രസാദ് പറഞ്ഞു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ്. സംസ്ഥാന സെക്രട്ടറി എ. എസ്.അഖിൽ , സംസ്ഥാന ട്രഷർ ഋഷഭ് മോഹൻ , സംസ്ഥാന മീഡിയ കൺവീനർ നന്ദു തുടങ്ങിയവർ പങ്കെടുത്തു















