ഹൈദരാബാദ്: സൈനികർക്ക് നേരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ പരാതി നൽകി ബിജെപി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് പരാതി നൽകിയത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സൈനികരെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ രേവന്ത് റെഡ്ഡി പ്രസംഗിച്ചത്.
മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്നതും ചട്ടലംഘനവുമാണെന്ന് ബിജെപി നേതാക്കൾ പരാതിയിൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിലും മറ്റ് ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും ഉൾപ്പെട്ട സൈനികർക്കെതിരെ അടിസ്ഥാനരഹിതവും അനാദരവ് കാണിക്കുന്നതുമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് ബിജെപി പരാതിയിൽ വ്യക്തമാക്കി.
തെലങ്കാനയിലെ കേന്ദ്രമന്ത്രിമാരെ ലജ്ജയില്ലാത്തവർ എന്നും രേവന്ത് റെഡ്ഡി പരാമർശിച്ചതായി ബിജെപി നേതാക്കൾ പറഞ്ഞു. ഇത്തരം പരാമർശങ്ങൾ അപകീർത്തികരമാണെന്നും വോട്ടർമാർക്കിടയിൽ വിദ്വേഷം വളർത്താൻ ലക്ഷ്യമിട്ടതാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.
പാകിസ്ഥാൻ ഇന്ത്യയുടെ പിന്നിൽ ചവിട്ടി, അവർക്കെതിരെ ആക്രമണം നടത്തുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു- എന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം.















