ജർമ്മനിയിലെ മ്യൂണിക്കിലെത്തിയ സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയീ ദേവിക്ക് സ്നേഹാദരവോടെ സ്വീകരണം. നീണ്ട ആറു വർഷത്തെ ഇടവേള കഴിഞ്ഞാണ് അമ്മ മ്യൂണിക്കിലെത്തുന്നത്. ഫ്രാൻസിലെ ഷാട്രായിൽ നടന്ന ത്രിദിന പരിപാടിക്ക് ശേഷമായിരുന്നു അമ്മ മ്യൂണിക്കിൽ എത്തിയത്. ആയിരങ്ങളാണ് അമ്മയെ വരവേൽക്കാൻ ഈസ്ബാക്ക് സ്റ്റുഡിയോയിൽ എത്തിച്ചേർന്നത്.

പരമ്പരാഗത ജർമ്മൻ സംഗീതത്തിന്റെ അകമ്പടിയോടെ, പുഷ്പഹാരങ്ങളുമായി ഭക്തർ അമ്മയെ വരവേറ്റു. സംഗീതാത്മകമായി ജയ് ജയ് മാ എന്ന് അന്തരീക്ഷത്തിൽ മുഴങ്ങിയപ്പോൾ ഏവരും ഒരേ സ്വരത്തോടെ അത് ഏറ്റു ചൊല്ലിയപ്പോൾ വികാരനിർഭരമായ മുഹൂർത്തമായി അത് മാറി.
ജർമ്മൻ പാർലമെന്റ് അംഗം ലിസ പോസ്, പ്രശസ്ത നടൻ തോമസ് ഷ്മൂസർ, എഴുത്തുകാരി താനിയ സീഹോഫർ എന്നിവർ ചേർന്നാണ് അമ്മയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. മനുഷ്യമനസ്സുകൾക്കിടയിൽ സ്നേഹത്തിന്റെ പാലങ്ങൾ പണിയുന്ന ഒരു മഹത് വ്യക്തിത്വത്തെയാണ് ഞങ്ങൾ സ്വാഗതം ചെയ്യുന്നത് എന്നും സ്നേഹത്തിലൂട എന്തെല്ലാം സാധ്യമാക്കാൻ കഴിയുമെന്നതിന്റെ പ്രതീകമാണ് അമ്മയെന്നും ജർമ്മൻ പാർലമെന്റ് അംഗം ലിസ പോസ് പറഞ്ഞു.
മൂന്ന് ദിവസത്തെ പരിപാടികളായിരുന്നു മ്യൂണിക്കിൽ അമ്മയ്‌ക്കായി ഒരുക്കിയിരുന്നത്. ഭജനകൾ, സത്സംഗം, ധ്യാനം, ദർശനം എന്നിവയ്‌ക്ക് എല്ലാം അമ്മ നേതൃത്വം നൽകി. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്ന അമ്മ, അവസാന ദിവസം വൈകുന്നേരം, ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രത്യേക ‘ആത്മപൂജയും നടത്തി.

നമ്മുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ദീപം തെളിയിക്കാൻ നാം ശ്രമിക്കണമെന്നും അപ്പോൾ ലോകത്ത് യുദ്ധങ്ങളും അക്രമങ്ങളും കലഹങ്ങളും ഉണ്ടാകില്ലെന്നും അമ്മ സത്സംഗത്തിൽ ഓർമ്മിപ്പിച്ചു.
കൊടുംതണുപ്പിനെ അവഗണിച്ചാണ് പിഞ്ചുകുഞ്ഞുങ്ങളും പ്രായമായവരുമെല്ലാം പരിപാടിയിൽ പങ്കെടുക്കാനായി എത്തിയത്. ഒരു നിമിഷത്തെ ദർശനത്തിനായി പലരും മണിക്കൂറുകളോളമാണ് കാത്തുനിന്നത്. പക്ഷെ യാതൊരു മുഷിപ്പും കൂടാതെ അവർ നൃത്തം ചവിട്ടി ആ നിമിഷം സന്തോഷപ്രദമാക്കി. ഒടുവിൽ അമ്മയ്‌ക്ക് അരികിൽ എത്തിയപ്പോൾ സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ആനന്ദക്കണ്ണീർ വീണയിടമായി ആ വേദി മാറി. ഇറ്റലിയിലെ പിയാസെൻസയിലാണ് അമ്മയുടെ അടുത്ത പരിപാടി















