ആയിരങ്ങളെ ക്ഷണിച്ചു കൊണ്ട് ഓഡിറ്റോറിയങ്ങളിൽ നിന്നുള്ള വിവാഹങ്ങൾ പഴങ്കഥയായി കൊണ്ടിരിക്കുകയാണ്. പകരം ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് പ്രാധാന്യം ഏറിവരികയാണ്. മുൻപ് വിദേശരാജ്യങ്ങളിൽ മാത്രം നടന്നിരുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ഇന്ന് കൊച്ചു കേരളത്തിലും സാധാരണമാണ്. എന്താണ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്ന് മനസ്സിലാക്കാം….
ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നാൽ ഒരു പ്രത്യേക സ്ഥലത്ത് നടത്തുന്ന വിവാഹമാണ്. വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് അതിഥികളോടൊപ്പം യാത്ര ചെയ്ത് അവിടെ വെച്ച് വിവാഹം നടത്തുന്നു.

അത് ശാന്തമായ ബീച്ചുകൾ മുതൽ മനോഹരമായ കുന്നിൻ മുകളിലുള്ള സ്ഥലങ്ങൾ വരെയാകാം. അത് കേരളത്തിൽ തന്നെയാകാം, രാജസ്ഥാനിലെ കൊട്ടാരങ്ങളിലോ ഗോവയിലെ ബീച്ചിലോ ഡാർജിലിങ്ങിലെ മഞ്ഞണിഞ്ഞ മലനിരകളുടെ പശ്ചാത്തലത്തിലോ ആകാം. കടൽ കടന്നു പോകാൻ സാധിക്കുന്നവർക്ക് സ്വിറ്റ്‌സർലൻഡിലോ ഓസ്ട്രിയയിലോ ലണ്ടനിലോ ആകാം. വിരാട് കോലിയും അനുഷ്‌ക ശർമയും ഇറ്റലിയിലെ ടസ്‌കനിയിൽവെച്ചു വിവാഹിതരായതാണ് ഇന്ത്യൻ മീഡിയ ഏറ്റവും ആഘോഷിച്ച ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്.

കേരളത്തിലും ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനായി പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലും നിരവധി ഇടങ്ങൾ സജ്ജികരിച്ചിട്ടുണ്ട്. ശംഖുമുഖം, കുമരകം, ആലപ്പുഴ, കൊച്ചി പോലുള്ളവ ഉദാഹരണമാണ്. കൃത്യമായ ബജറ്റ് പ്ലാനിങ്ങും മികച്ച ഐഡിയയുമുണ്ടെങ്കിൽ ആർക്കും മനോഹരമായ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ് പ്ലാൻ ചെയ്യാം. പാസ്‌പോർട്ട്, ഭാഷ, കാലാവസ്ഥ, താമസം, ഭക്ഷണം, യാത്രാസൗകര്യങ്ങൾ, പ്രാദേശികമായ പ്രത്യേകതകൾ എന്നിവ കൃത്യമായി അറിഞ്ഞുവെക്കണം.

ആദ്യം അതിഥികളുടെ കാര്യത്തിൽ കൃത്യമായ ധാരണയുണ്ടാക്കണം. വേണ്ടപ്പെട്ടവർക്കുകൂടി എത്തിച്ചേരാനാകുന്ന സ്ഥലമായിരിക്കണമത്. അതിഥികളുടെ ആരോഗ്യ സ്ഥിതി കൂടി പരിഗണിച്ച് വേണം ഹിൽസ്റ്റേഷൻ വേണോ അതോ ബിച്ച് വേണോ എന്ന് ഉറപ്പിക്കാൻ. കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധവേണം. ഡെസ്റ്റിനേഷനെ കുറിച്ച് ഏകദേശ ധാരണ അതിഥികൾക്കും നൽകണം.

വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും സ്വന്തം നാട്ടിൽ നിന്നും തയ്യാറാക്കുന്നതാകും നല്ലത്. സ്ഥലത്തിന്റെ വെബ്സൈറ്റിൽ കാണുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ അതിമനോഹരമായിരിക്കും. അതുമാത്രം വെച്ച് സ്ഥലങ്ങളെപ്പറ്റി നിഗമനത്തിലെത്തരുത്. സാധ്യമാണെങ്കിൽ ലൊക്കേഷൻ വിവാഹത്തിന് മുൻപ് വധുവും വരനും നേരിട്ട് കാണണം.
മതപരമായ വിവാഹമാണെങ്കിൽ അതിന് അനുവാദമുള്ള സ്ഥലമാണോ എന്ന് മുൻകൂട്ടി ഉറപ്പാക്കണം. എന്നാൽ കല്യാണം നിയമപരമാകണമെങ്കിൽ രജിസ്റ്റർ ചെയ്യണം. മറ്റ് പ്രദേശങ്ങളിൽ നൂലാമാലകൾ കൂടും. അതിനാൽ നിയമപരമായ വിവാഹം നാട്ടിൽവെച്ച് നടത്തുന്നതാണ് ഉചിതം.















