കൊച്ചി: അഞ്ച് വര്‍ഷത്തിനുള്ളില്‍ പി.വി. അന്‍വറിന്റെ സ്വത്ത് നാലിരട്ടി വർദ്ധിച്ചതിൽ ചോദ്യമുയർത്തി ഇ ഡി. 14.38 കോടി രൂപയുടെ സ്വത്ത് 64.14 കോടിയായി വർധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിന് കഴിഞ്ഞിട്ടില്ലെന്ന് ഇഡി. 2016 മുതല്‍ 2021 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തിനിടയിലാണ് പി.വി. അന്‍വറിന്റെ സ്വത്തില്‍ 50 കോടിയുടെ കുതിച്ചുചാട്ടം ഉണ്ടായത്. പിവി അൻവറിന്റെ വീട്ടിലെയും സ്ഥാപനങ്ങളിലേയും റെയ്ഡുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിശദമായ വാർത്താക്കുറിപ്പിലാണ് ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് അൻവറിന്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയത്.
22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നത്. ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളിൽ വിവിധ ലോണുകൾ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ് സി) വഴി തരപ്പെടുത്തിയെന്ന് ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അൻവർ ലോണെടുത്ത തുക വകമാറ്റിയിരിക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അൻവറിന്റെ ബിനാമി സ്വത്തിടപാടുകളും പരിശോധിക്കുകയാണ്. എന്നും ഇ ഡി പറയുന്നു. മലംകുളം കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്റെ യഥാർഥ ഉടമ താനാണെന്ന് അൻവർ പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയും പിഴവും ഉണ്ടായിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. കള്ളപ്പണത്തിന്റെ അളവ്, ഫണ്ട് വകമാറ്റൽ, ബെനാമി സ്വത്തുക്കൾ എന്നിവ കണ്ടെത്താനുള്ള കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.















