ന്യൂഡൽഹി: അരുണാചൽ സ്വദേശിനിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂറോളം തടഞ്ഞുവെച്ച സംഭവത്തിൽ ചൈനയ്‌ക്ക് മുന്നറിയിപ്പുമായി ഭാരതം. നടപടി അസംബന്ധവും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഭാരതം ചൈനയെ അറിയിച്ചു. ശക്തമായ നയതന്ത്ര പ്രതിഷേധം അറിയിച്ച ഭാരതം അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ ഭാഗമാണെന്നും ചൈനയ്‌ക്ക് താക്കീത് നൽകി.
ലണ്ടനിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന അരുണാചൽ പ്രദേശ് സ്വദേശിയായ പ്രേമ തോങ്ഡോക്കിനെയാണ് ഷാങ്ഹായ് വിമാനത്താവളത്തിൽ ചൈനീസ് അധികൃതർ 18 മണിക്കൂറോളം തടഞ്ഞുവച്ചത്. യുവതിയെ തടഞ്ഞുവച്ച നടപടി രാജ്യാന്തര വ്യോമയാന കൺവെൻഷൻ തീരുമാനങ്ങളുടെ ലംഘനമാണ്. ട്രാൻസിറ്റ് യാത്രക്കാരുടെ അവകാശം സംബന്ധിച്ചുള്ള ചിക്കാഗോ, മോൺട്രിയൽ കൺവെൻഷനുകളിലെ ധാരണയുടെ ലംഘനമാണിത്. ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനിടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ അനാവശ്യമാണെന്നും ഭാരതം പറഞ്ഞു.
അരുണാചൽ പ്രദേശ് ഭാരതത്തിന്റെ ഭാഗമാണെന്നത് തർക്കമില്ലാത്ത കാര്യമാണെന്നും അരുണാചൽ സ്വദേശിക്ക് ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള എല്ലാ അവകാശവുമുണ്ടെന്നും ഭാരതം ഓർമ്മിപ്പിച്ചു.
കഴിഞ്ഞദിവസമാണ് പ്രേമ തോങ് ഡോക്കിന് ദുരനുഭവമുണ്ടായത്. പാസ്പോർട്ടിൽ ജനനസ്ഥലമായി അരുണാചൽ പ്രദേശ് എന്ന് രേഖപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാവില്ലെന്നുമായിരുന്നു അധികൃതരുടെ വാദം. ഇന്ത്യൻ പാസ്പോർട്ട് വിമാനത്താവള അധികൃതർ അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു. ചൈനീസ് പൗരയായതുകൊണ്ട് ചൈനീസ് പാസ്‌പോർട്ട് എടുക്കണം എന്നായിരുന്നു ചൈനീസ് അധികൃതരുടെ വാദം.















