ഇസ്ലാമബാദ്: പാകിസ്ഥാന്റെ ആദ്യ സർവ്വസൈന്യാധിപനായി സയ്യിദ് അസിം മുനീറിനെ നിയമിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാർശ പ്രസിഡന്റ് ആസിഫ് അലി സർദാരി അംഗീകരിക്കുകയായിരുന്നു. നിയന ഉത്തരവ് പാക് പ്രസിഡന്റിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞമാസം അസീം മുനീറിനായി പാകിസ്ഥന്റെ ഭരണഘടന ഭേദഗതി ചെയ്തിരുന്നു. ഭേദഗതിയിലൂടെയാണ് ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് (സിഡിഎഫ്) എന്ന പദവി സൃഷ്ടിക്കപ്പെട്ടത്. ഇതോടെ, കേസുകളിൽ നിന്നും വിചാരണയിൽ നിന്നും മുനീറിന് ആജീവനാന്ത സംരക്ഷണവും ലഭിക്കും. പുതിയ പദവിയോടെ പ്രധാനമന്ത്രിയേക്കാൾ ശക്തനായി മുനീർ മാറി. എന്നാൽ ഷെഹബാസ് ഷെരീഫിന് മുനീറിനെ സർവ്വസൈന്യാധിപനാക്കാൻ താൽപര്യമില്ലെന്നും അതിനാലാണ് വിദേശത്തേക്ക് പോയതെന്നും റിപ്പോർട്ടുണ്ടായിരുന്നു.
പട്ടാള അട്ടിമറിയുടെ പാരമ്പര്യമുള്ള പാകിസ്ഥാനിൽ എല്ലാം സേനാ വിഭാഗങ്ങളും തന്റെ കീഴിൽ വന്നതോടെ അസീം മുനിർ കൂടുതൽ ശക്തനായി. എന്നാൽ തീവ്ര ഇസ്ലാമിസ്റ്റായ മുനീറിന് പാക് ആണവായുധ ശേഖരത്തിന്മേലുള്ള അധികാരം ആശങ്കയുയർത്തുന്നുണ്ട്.
നിലവിൽ പ്രധാനമന്ത്രിയേക്കാളും പാകിസ്ഥാന്റെ ആഗോള മുഖം അസീം മുനീറിനാണ്. ആഗോള രാഷ്‌ട്രതന്ത്രജ്ഞനായി സ്വയം സ്ഥാപിക്കാൻ മുനീറിന്റെ ശ്രമങ്ങളും ഇതിന് കാരണമാണ്. പാകിസ്താന്റെ ഭരണം നിയന്ത്രിക്കുന്നതിലെ അദൃശ്യ ശക്തിയായി മുനീർ മാറിയെന്ന വിലയിരുത്തലുകൾ ഉണ്ട്.















