തിരുവനന്തപുരം: നടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ ഇപ്പോൾ വന്നത് അന്തിമ വിധിയല്ലെന്ന് മുൻ ഡിജിപി ബി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.
“കുറ്റകൃത്യത്തിൽ നേരിട്ട് ഏർപ്പെട്ട പ്രതികളുടെ കുറ്റം തെളിഞ്ഞു. ഗൂഢാലോചന തെളിയിക്കൽ എപ്പോഴും ഒരു വെല്ലുവിളിയാണ്. പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ല എന്നാണ് വാർത്തകളിൽ നിന്ന് അറിയുന്നത്. തീർച്ചയായും ഇത് അന്തിമ വിധിയല്ല. മേൽക്കോടതികൾ ഉണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് നോക്കം. അന്വേഷണ സംഘം നന്നായി ജോലി ചെയ്തു. അവർ അഭിനന്ദനം അർഹിക്കുന്നുണ്ട്”, ബി സന്ധ്യ പറഞ്ഞു.
അന്തിമ വിധി വരെ അതിജീവിതയ്‌ക്കൊപ്പം പ്രോസിക്യൂഷനും അന്വേഷണ സംഘവുമുണ്ടാകുമെന്നും ബി സന്ധ്യ പറഞ്ഞു. വിചാരണയ്‌ക്കിടെ ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. മുന്നോട്ട് പോവുക തന്നെ ചെയ്യും. മേൽക്കോടതികളിൽ നീതിക്കുവേണ്ടി പ്രോസിക്യൂഷനും അന്വേഷണ സംഘവും പോരാടുമെന്നാണ് വിശ്വാസമെന്നും ബി സന്ധ്യ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ഒന്നുമുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്‌ഠൻ, വി പി വിജീഷ്, എച്ച് സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വിധി പ്രസ്താവിച്ചത്. എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു.
ഗൂഢാലോചനയ്‌ക്ക് തെളിവില്ലെന്ന് കോടതി പറഞ്ഞു.















