ന്യൂഡൽഹി: ആഭ്യന്തര വിമാന റൂട്ടുകളിലെ ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഇൻഡിഗോയുടെ ശൈത്യകാല വിമാന ഷെഡ്യൂൾ വെട്ടിക്കുറയ്‌ക്കുമെന്ന് സിവിൽ വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു വ്യക്തമാക്കി. പത്തു ശതമാനം സർവീസുകൾ മറ്റ് എയർലൈൻസുകൾക്ക് കൈമാറാനാണ് നീക്കം. ഇൻഡിഗോ നിലവിൽ പ്രതിദിനം 2,200 വിമാന സർവീസുകൾ നടത്തുണ്ടെന്നാണ് കണക്ക്.
അതേസമയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈനിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇന്ന് എല്ലാ എയർലൈൻ ഓപ്പറേറ്റർമാരുടെയും ഉന്നതതല അവലോകന യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇൻഡിഗോയുടെ സ്ലോട്ടുകൾ മറ്റ് എയർലൈനുകൾക്ക് നൽകുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
നവംബർ 21 മുതൽ ഡിസംബർ 7 നും ഇടയിൽ 7. 3 ലക്ഷം യാത്രക്കാർക്കായി ഇൻഡിഗോ എയർലൈൻസ് ഇതുവരെ 745 കോടി രൂപ റിഫണ്ട് നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 9,000 ബാഗുകളിൽ 6,000 എണ്ണം യാത്രക്കാർക്ക് തിരികെ നൽകി ഈ ദിവസങ്ങളിലുണ്ടായ ഇൻഡിഗോ പ്രതിസന്ധി 5.8 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.















