കണ്ണൂർ: പൊലീസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പയ്യന്നൂരിലെ സിപിഎം കൗൺസിലർ വി.കെ നിഷാദിന്റെ പരോൾ നീട്ടി നൽകി.പയ്യന്നൂരിൽ പൊലീസിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് വി.കെ നിഷാദ്. ആറ് ദിവസം കൂടിയാണ് പരോൾ നീട്ടിയത്. ഈ മാസം 11 വരെയാണ് പരോൾ നീട്ടിയത്. ജയിൽ ഡിജിപിയാണ് നിഷാദിന്റെ പരോൾ കാലാവധി നീട്ടിയത്.
കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിഷാദിന് ആറ് ദിവസത്തെ പരോൾ അനുവദിച്ചത് കഴിഞ്ഞമാസം 26നാണ്. ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെയാണ് ഇയാൾക്ക് പരോൾ അനുവദിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഈ പരോൾ കാലാവധി അവസാനിച്ചതോടെയാണ് ജയിൽ ഡിജിപി തന്നെ പരോൾ വീണ്ടും അനുവദിച്ചത്.
വി.കെ നിഷാദ് തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മുനിസിപ്പാലിറ്റി മൊട്ടമ്മൽ വാർഡിൽ നിന്ന് സിപിഎം സ്ഥാനാർഥിയായി വിജയിച്ചിരുന്നു. എന്നാൽ ശിക്ഷിക്കപ്പെട്ടതിനാൽ സത്യപ്രതിജ്ഞ ചെയ്ത് കൗൺസിലറായി അധികാരമേൽക്കാൻ കഴിഞ്ഞിട്ടില്ല. ഇതേ തുടർന്നാണ് പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടി ആറ് ദിവസത്തെ പരോളിന് അനുമതി തേടിയത്. ഇതിന്റെ തുടര്ച്ചയായാണ് ഇയാൾക്ക് അധികൃതർ രണ്ടാമത്തെ പരോൾ അനുവദിച്ചത്.















