തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിന്. രു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
1990 -ല്‍ തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചു. തമിഴ് മന്‍ട്രത്തിന്റെ ഇശൈപേരറിഞ്ഞര്‍ പുരസ്‌കാരം, കേന്ദ്ര, കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍, ഗുരുവായൂര്‍ പുരസ്‌കാരം, സംഗീത സമ്പൂര്‍ണ്ണ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. 2021 -ല്‍ ചെമ്പൈ സ്മാരക പുരസ്‌കാരവും ലഭിച്ചു. കഴിഞ്ഞ തവണ ഗാനരചയിതാവ് കൈതപ്രം ദാമേദരന്‍ നമ്പൂതിരിക്കായിരുന്നു പുരസ്‌കാരം.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്‌ക്കടുത്ത് തിരുവിഴയിലാണ് ജയശങ്കറിന്റെ ജനനം. കുട്ടിക്കാലം മുതല്‍ നാദസ്വരക്കച്ചേരികള്‍ കേട്ടാണ് വളര്‍ന്നത്. ഇപ്പോള്‍ താമസം കോട്ടയം ജില്ലയിലെ കുമാരനെല്ലൂരിലാണ്. പിതാവ് നാദസ്വര വിദ്വാന്‍ തിരുവിഴ രാഘവപ്പണിക്കരുടെയും, മുത്തച്ഛനായ തിരുവിഴ ശിവശങ്കു പണിക്കരുടെയും കീഴില്‍ ഗുരുകുല സമ്പ്രദായത്തിലാണ് നാദസ്വരം അഭ്യസിച്ചത്. പതിനാറാം വയസില്‍ കായംകുളത്തിനടുത്ത പത്തിയൂര്‍ ദേവീക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.















