പത്തനംതിട്ട: മൂന്നാമത്തെ ലൈംഗീക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നു ദിവസത്തെ എസ് ഐ ടിയുടെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം പതിനഞ്ചിന് വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കണം. ജാമ്യാപേക്ഷ 16ന് പരിഗണിക്കും.
ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടായിരുന്നു അന്വേഷണ സംഘം അപേക്ഷ നൽകിയത്. പലയിടത്തും രാഹുലുമായി തെളിവെടുപ്പ് നടത്തുകയും ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. കസ്റ്റഡി ആവശ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നെങ്കിലും കോടതി പൊലീസിന് കസ്റ്റഡി അനുമതി നൽകുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന് പരാതിക്കാരി നേരിട്ട് പരാതി നൽകിയിട്ടില്ലെന്നതടക്കമുള്ള എതിർവാദങ്ങൾ പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചിരുന്നു. “അറസ്റ്റിന്റെ കാരണങ്ങൾ പ്രതിയെ ബോധിപ്പിച്ചില്ല. സാക്ഷികൾ വേണമെന്ന മിനിമം കാര്യങ്ങൾ പോലും പാലിച്ചായിരുന്നില്ല അറസ്റ്റ്. ഇതൊരു രാഷ്‌ട്രീയ പ്രേരിതമായ കേസാണ്”; പ്രതിഭാഗം കോടതിയിൽ വാദിച്ചു.
കോടതിക്ക് പുറത്ത് എത്തിച്ചപ്പോൾ രാഹുലിനെതിരേ യുവമോര്‍ച്ചയുടെയും ഡിവൈഎഫ്‌ഐയുടെയും കടുത്ത പ്രതിഷേധമാണുണ്ടായത്. നേരത്തെ, വൈദ്യപരിശോധനയ്‌ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും വലിയ പ്രതിഷേധമുണ്ടായിരുന്നു.















