അടൂർ: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് എസ്ഐടി നടത്തി. ഹോട്ടലിലെ 408-ാം നമ്പർ മുറിയിലാണ് കോൺഗ്രസ് എംഎൽഎയുമായി പരിശോധന നടത്തിയത്. 2024 ഏപ്രിൽ എട്ടിന് ഈ ഹോട്ടൽമുറിയിൽവെച്ച് മാങ്കൂട്ടത്തിൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അതിജീവിതയുടെ പരാതിയിൽ പരാമർശിച്ചിട്ടുള്ളത്.
ചോദ്യംചെയ്യലിൽ യുവതിയുമായി ഹോട്ടലിൽ വന്ന കാര്യം മാങ്കൂട്ടത്തിൽ സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് എത്തിയതെന്നായിരുന്നു വിശദീകരണം. എന്നാൽ പീഡിപ്പിച്ചെന്ന പരാതിയിൽ മറുപടി നൽകിയില്ല. രാഹുൽ ബി ആര്‍ എന്ന പേരിലാണ് മുറിയെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട്ടും വടകരയിലും പരിശോധന നടത്തിയേക്കും.
കൂടാതെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. അടൂരിലെ വീട്ടിലെത്തിയ പ്രത്യേക അന്വേഷകസംഘം (എസ്ഐടി) മാങ്കൂട്ടത്തിലിന്റെ മുറി ഉൾപ്പെടെ പരിശോധിച്ചു.
ലാപ്ടോപ്പ് എവിടെ എന്നതുൾപ്പെടെ വെളിപ്പെടുത്താൻ പ്രതി ഇതുവരെ തയ്യാറായിട്ടില്ല. പൊലീസ് കണ്ടെടുത്ത മൊബൈൽ ഫോണുകളുടെ പാസ്‍വേഡും ഇയാൾ കൈമാറിയിട്ടില്ല.തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കസ്റ്റഡി ആവശ്യപ്പെടവെ പ്രതിയുടെ പക്കലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെടുക്കേണ്ടതുണ്ടെന്ന് എസ്ഐടി അറിയിച്ചിരുന്നു.
ബലാത്സംഗക്കേസിൽ റിമാൻഡിലായ മാങ്കൂട്ടത്തിലിനെ മൂന്നുദിവസത്തേക്കാണ് എസ്‌ഐടിയുടെ കസ്‌റ്റഡിയിൽ വിട്ടത്. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 16ലേക്ക് മാറ്റിയിട്ടുണ്ട്.















