തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ജയിൽ മോചിതനാകുന്നു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും മുരാരി ബാബുവിന് ജാമ്യം ലഭിച്ചതോടെയാണ് മോചനം സാധ്യമാകുന്നത്. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിൽ കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.സ്വർണക്കൊള്ളകേസിൽ ജാമ്യംലഭിച്ച് പുറത്തിറങ്ങുന്ന ആദ്യപ്രതിയാണ് മുരാരി ബാബു.
ഈ കേസുകളിൽ ഒക്ടോബർ 22 ന് അറസ്റ്റിലായ മുരാരി ബാബുവിന് 90 ദിവസം കഴിഞ്ഞും കുറ്റപത്രം നൽകാത്തതിനാൽ സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. കട്ടിള, ദ്വാരപാലക കേസുകളിൽ ഒരേ ദിവസമാണ് മുരാരി ബാബു അറസ്റ്റിലായത്.
നേരത്തേ കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻപോറ്റിക്ക് ദ്വാരപാലക കേസിൽ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പോറ്റി ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്.
റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയവയാണ് മുരാരിബാബുവിന്റെ ജാമ്യ വ്യവസ്ഥകള്‍.
സ്വർണക്കൊള്ളകേസിൽ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ് എൻ വാസു സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി നിമിഷങ്ങൾക്കുള്ളിൽ തള്ളി. വാസു 72 ദിവസത്തിലധികമായി ജയിലിലാണെന്ന് അഭിഭാഷകൻ ബോധിപ്പിച്ചു. എന്നാൽ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളുകയായിരുന്നു.















