കോഴിക്കോട്: എം ടി വാസുദേവൻ നായരെക്കുറിച്ച് ദീദി ദാമോദരന്‍, എച്ച്മക്കുട്ടി എന്നിവര്‍ എഴുതിയ ‘എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകത്തിനെതിരെ എഴുത്തുകാരന്റെ മക്കള്‍ രംഗത്ത്. ഈ പുസ്തകത്തിലുള്ളത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും പുസ്തകം പിൻവലിക്കണമെന്നും എംടിയുടെ മക്കളായ സിതാരയും അശ്വതി നായരും ആവശ്യപ്പെട്ടു. എംടിയുടെ ആദ്യഭാര്യയും പ്രശസ്ത എഴുത്തുകാരിയുമായ പ്രമീള നായരുടെയും വ്യക്തിജീവിതം പരാമർശ വിധേയമാകുന്നതാണ് പുസ്തകം.
പ്രമീള നായരും എംടി വാസുദേവന്‍ നായരും മരിച്ചതിനു ശേഷം രചിക്കപ്പെട്ട പുസ്‌തകം കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനും തേജോവധം ചെയ്യാനും ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് കുറിപ്പില്‍ പറയുന്നു. പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി മരിച്ച വ്യക്തികളെ തേജോവധം ചെയ്യരുതെന്ന് അശ്വതി നായരും സിതാരയും കുറിപ്പിൽ വ്യക്തമാക്കി. പുസ്തകത്തിലുള്ളതെല്ലാം അർദ്ധ സത്യങ്ങളും കളവും വളച്ചൊടിക്കലുമാണ്. പുസ്തകം പിൻവലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഇരുവരും പ്രസ്താവിച്ചു.
അതുവഴി ആര്‍ജിക്കുന്ന കുപ്രസിദ്ധിയിലൂടെ പുസ്തകം വിറ്റുപോകാനായി നടത്തിയ ശ്രമത്തിന്റെ ഭാഗമാണിത്. പുസ്തകത്തില്‍ പറഞ്ഞ പല കാര്യങ്ങളും കേട്ടറിവ് മാത്രം വെച്ചുള്ളതും എംടിയെ കുറിച്ചുള്ള ആരോപണങ്ങളും പരാമര്‍ശങ്ങളും അടിസ്ഥാനരഹിതവുമാണ്. പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കുടുംബത്തിന് മനോവിഷമവും അപമാനവും ഉണ്ടാക്കി. പ്രശസ്തിക്കും പണത്തിനും വേണ്ടി മരിച്ച വ്യക്തികളെ തേജോവധം ചെയ്യുകയല്ല വേണ്ടത്. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അര്‍ധ സത്യങ്ങളും കളവും വളച്ചൊടിച്ചതുമാണെന്ന് വായനക്കാരെ അറിയിക്കുന്നു.
പുസ്തകം ഉടനടി പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും അവർ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രമീള നായരുടേയും എംടിയുടേയും മകളാണ് സിതാര. കലാമണ്ഡലം സരസ്വതിയിൽ ജനിച്ച മകളാണ് അശ്വതി.















