തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിൽ വൻ തീപിടുത്തം. ഏറെ സമയം കാട് നിന്ന് കത്തി.ഈ പുരയിടത്തോട് ചേർന്നാണ് വനിതാ ബറ്റാലിന്റെ ഓഫീസും ഭാരത് ഗ്യാസിന്റെ റീഫില്ലിംഗ് പ്ലാന്റും ഉള്ളത്. പ്രദേശത്ത് ഇന്ന് ഉച്ചയോടെയാണ് തീ പടർന്നുപിടിച്ചത്. കാറ്റുള്ളതിനാൽ തീ അതിവേഗം പടർന്നത് ആശങ്ക വർദ്ധിപ്പിച്ചിരുന്നു.
തീ പിടിച്ച ഭാഗത്തിനുസമീപത്തായി ഭാരത് ഗ്യാസിന്റെ റീഫില്ലിംഗ് പ്ലാന്റ് ഉണ്ടായിരുന്നതിനാൽ സ്ഥിതി ആശങ്കാജനകമായിരുന്നു. മുൻകരുതൽ നടപടിയായി പ്രദേശത്തെ സ്കൂൾ, കോളേജ്, ഐടിഐ എന്നിവിടങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. തീ അണയ്‌ക്കാനായി ടെക്നോപാർക്ക്, ചാക്ക തുടങ്ങിയ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമനാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.















